ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ശ്രീലങ്ക. കളിയുടെ തുടക്കത്തിൽ തന്നെ ലങ്കയ്ക്ക് ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടിവന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് ആദ്യ ആറോവറിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. മൽസരത്തിന്റെ നാലാം ഓവറിലായിരുന്നു സിറാജ് ഗംഭീര പ്രകടനം കാഴ്ചവെച്ചത്.
നിലവിൽ മത്സരം 12 ഓവറുകൾ പിന്നിടുമ്പോൾ ഏഴിന് 39 റൺസെന്ന നിലയിലാണ് ശ്രീലങ്ക. പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അലങ്ക (പൂജ്യം), ധനഞ്ജയ ഡിസിൽവ (രണ്ടു പന്തിൽ നാല്), ക്യാപ്റ്റൻ ദസുൻ ശക (പൂജ്യം) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്. കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി. മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ കാരണം 3.45 ഓടെയാണ് തുടങ്ങിയത്.