ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ കനത്ത മഴമൂലം കളി നിർത്തിവെച്ചു. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ കെ.എൽ രാഹുലിൻ്റെ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത്തും സംഘവും കളത്തിലിറങ്ങിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി കെ.എൽ രാഹുലും (105 പന്തിൽ 70 റൺസ്), മുഹമ്മദ് സിറാജുമായിരുന്നു അവസാനം (19 പന്തിൽ 1) ക്രീസിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ പോയശേഷം വിരാട് കോലിയും (64 പന്തിൽ 38 റൺസ്) ശ്രേയസ് അയ്യരും (50 പന്തിൽ 31) കുറച്ച് സമയം ക്രീസിൽ നിലയുറപ്പിച്ചിരുന്നു. യശസ്വി ജയ്സ്വാൾ (37 പന്തിൽ 17 റൺസ്), രോഹിത് ശർമ (14 പന്തിൽ അഞ്ച് റൺസ്), ശുഭ്‌മാൻ ഗിൽ (12 പന്തിൽ രണ്ട് റൺസ്) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
റബാദയുടെ ബൗളിങ് മികവിന് മുൻപിൽ ഇന്ത്യൻ നിര പ്രതിരോധത്തിലായി. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. 54.3 ഓവർ മാത്രമാണ് ആദ്യദിനം എറിയാനായത്. 11 പന്തിൽ എട്ട് റൺസെടുത്തുനിന്ന രവിചന്ദ്ര അശ്വിനെ റബാദ മടക്കി. 33 പന്തിൽ നിന്ന് 24 റൺസെടുത്ത ശർദുൽ താക്കൂറും റബാദയുടെ പന്തിൽ ഡീൻ എൽഗറിന് ക്യാച്ച് നൽകി മടങ്ങി. 19 പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുംറയും മടങ്ങി. നാന്ദ്രേ ബർഗറർ രണ്ട് വിക്കറ്റും മാർക്കോ ജാൻസൻ ഒരു വിക്കറ്റും നേടി.