ബാഴ്‌സലോണ ഇതിഹാസം സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷമാണ് താരം ക്ലബ് വിടുന്നത്. ജൂണിൽ കരാർ അവസാനിക്കുന്ന ബുസ്‌കെറ്റ്‌സ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് തീരുമാനം അറിയിച്ചത്. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുന്നത്.
അവിസ്മരണീയമായ ഈ യാത്ര അവസാനിപ്പിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഇപ്പോൾ അതിനുള്ള സമയമായി. ഈ ജഴ്‌സി അണിയാൻ കഴിഞ്ഞത് ഒരു ബഹുമതിയും സ്വപ്നവും അഭിമാനവുമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട് എന്ന് 34 കാരനായ ബുസ്‌കെറ്റ്‌സ് പറഞ്ഞു. നീണ്ട 18 വര്‍ഷകാലം ബാഴ്‌സയ്ക്കായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗും മൂന്ന് വട്ടം ക്ലബ് വേള്‍ഡ് കപ്പും എട്ട് തവണ ലാലീഗ കിരീടവും 3 തവണ യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങി ഏഴ് കോപ്പ ഡെല്‍റേ, 7 സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളും ബുസ്‌കെറ്റ്‌സ് സമ്മാനിച്ചിട്ടുണ്ട്.
2010ൽ സ്പെയിനിനൊപ്പം ലോകകപ്പും 2012 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും ബുസ്‌കെറ്റ്‌സ് നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 15 വർഷത്തെ നീണ്ട അന്താരാഷ്ട്ര കരിയറിന് താരം വിരാമം കുറിച്ചിരുന്നു. അതേസമയം മുൻ ബാഴ്‌സലോണ ഫോർവേഡും ബുസ്‌കെറ്റ്‌സിന്റെ അടുത്ത സുഹൃത്തുമായ ലയണൽ മെസിക്കൊപ്പം താരവും മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹവുമുണ്ട്.