2023 ഏകദിന ലോകകപ്പിന്റെ വേദികൾ പുറത്തുവിട്ടതിന് പിന്നാലെ കേരളത്തെ അവഗണിച്ചതിൽ നിരാശ പരസ്യമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അഹമ്മദാബാദിനെ ക്രിക്കറ്റിന്റെ തലസ്ഥാനമാക്കി മാറ്റുകയാണെന്ന് വിമർശിച്ച അദ്ദേഹം മികച്ച സ്റ്റേഡിയങ്ങൾ പുറത്തുനിൽക്കേ ഒരേ സ്റ്റേഡിയത്തിന് നാലും അഞ്ചും മത്സരം നൽകിയത് ബി.സി.സി.ഐയുടെ വീഴ്ചയാണെന്നും കുറ്റപ്പെടുത്തി.
‘ഒരുപാട് പേർ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പ്രകീർത്തിച്ച തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്(കാര്യവട്ടം സ്റ്റേഡിയം) 2023 ലോകകപ്പ് ഫിക്‌സ്ചർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. അഹമ്മദാബാദ് രാജ്യത്തെ ക്രിക്കറ്റിന്റെ തലസ്ഥാനമായി മാറുകയാണ്. എന്നാൽ, ഒന്നോ രണ്ടോ മത്സരമൊക്കെ കേരളത്തിനും അനുവദിക്കാമായിരുന്നില്ലേ’എന്നും തരൂർ ട്വിറ്ററിലൂടെ ചോദിച്ചു.
പത്ത് പതിനൊന്ന് നഗരങ്ങൾക്കാണ് മത്സരം അനുവദിച്ചിട്ടുള്ളത്. ഇതിൽ ചിലതിന് നാലും അഞ്ചും മത്സരങ്ങൾ ലഭിച്ചിട്ടുണ്ട്. മനോഹരമായ പുതിയ സ്റ്റേഡിയമുള്ള തിരുവനന്തപുരത്തും മൊഹാലിയിലും റാഞ്ചിയിലുമെല്ലാം മത്സരം വച്ച് സന്തോഷം കൂടുതൽ പ്രസരിപ്പിക്കണമായിരുന്നു. ഇതെല്ലാം വലിയ ആരാധകപിന്തുണയും മികച്ച സ്റ്റേഡിയങ്ങളുമുള്ള നഗരങ്ങളാണ്. കേരളത്തെ പാടെ അവഗണിക്കുന്ന നടപടിയാണ് ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും തരൂർ കുറ്റപ്പെടുത്തി.