റെക്കോർഡുകൾ സ്വന്തമാക്കി ദക്ഷിണാഫ്രിക്കയിൽ സഞ്ജുവിൻ്റെ സെഞ്ച്വറി പ്രകടനം. ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് മലയാളി താരം സഞ്ജു സാംസണ്‍ 47 പന്തിൽ 100 തികച്ചു. 50 പന്തിൽ 107 റൺസുമായി സഞ്ജു ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചതിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലെഴുതി.
ഇന്ത്യയ്ക്കായി ടി-20യിൽ തുടർ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ്, ദക്ഷിണാഫ്രിക്കക്കെതിരെ ടി 20യില്‍ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, ടി -20 മത്സരങ്ങളിൽ 7000 റൺസ് എന്നിവയാണ് പ്രധാന നേട്ടങ്ങൾ.
ഓപ്പണറായി ഇറങ്ങിയ സഞ്ജു അതിവേഗ വെടിക്കെട്ടുമായി കഴിഞ്ഞ കളിയിലെ ഫോം തുടരുകയായിരുന്നു. 50 പന്തില്‍ പത്ത് സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.
അതേസമയം 203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 141ന് അവസാനിച്ചു. 61 റൺസിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ നാല് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച പോർട്ട് എലിസബത്തിൽ നടക്കും. മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചും സഞ്ജുവാണ്.
വർഷങ്ങളുടെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു. ഒരുപാട് ചിന്തിച്ചാൽ വികാരാധീനനാകും. പത്ത് വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനുമാണെന്ന് സഞ്ജു പ്രതികരിച്ചു.