ദക്ഷിണാഫ്രിക്കയ്ക്കെതിരായി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. അർഹിച്ച സെഞ്ച്വറിയാണ് സഞ്ജു നേടിയതെന്നും ഇത്തരം ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യമെന്നും ശ്രീശാന്ത് പ്രതികരിച്ചു.
‘സഞ്ജുവിന്റേത് ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ്ങായിരുന്നു. സഞ്ജുവിൻ്റെ കളി വളരെ അഗ്രസീവാണെന്ന് ഞാനുൾപ്പടെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് കളിച്ചതുപോലുള്ള ഇന്നിങ്സാണ് സഞ്ജുവിനും ടീമിനും ആവശ്യം. ഇതേ പ്രകടനം തുടരണം. സഞ്ജുവിൻ്റെ മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു ഇത്. 64-65 റൺസൊക്കെ എടുത്തുനിൽക്കെ അദ്ദേഹം നടത്തിയ പ്രകടനം വളരെ പ്രധാനമാണ്. കാരണം പല താരങ്ങളും അവിടെനിന്നു സെഞ്ച്വറിയിലേക്ക് എത്താൻ കൂടുതൽ പന്തുകൾ എടുക്കും. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇത്തരമൊന്നു ഇന്നിങ്സ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്’ എന്നും ശ്രീശാന്ത് പ്രതികരിച്ചു.
സഞ്ജു ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ശ്രീശാന്ത് നേരത്തേ പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ ഒഴിവാക്കണമെന്നും താരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അന്ന് ശ്രീശാന്ത് പറഞ്ഞത്.