പോർച്ചുഗലിൻ്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌഹൃദ മത്സരത്തിനായി സ്ലോവേനിയയിലെത്തിയപ്പോൾ ഉപയോഗിച്ച് മെത്ത ലേലത്തിൽ വിൽക്കാനൊരുങ്ങി ഹോട്ടലുടമകൾ. ലുബ്ലിയാനയിലെ ഗ്രാൻഡ് പ്ലാസ ഹോട്ടലിൻ്റേതാണ് നീക്കം. മാസാവസാനം ലേലം നടക്കുമെന്നാണ് അറിയിപ്പ്.
കിടക്കയുടെ പ്രാരംഭ വില 5,300 ഡോളറിന് ആരംഭിക്കും. ലേലത്തിൽ മെത്തവില കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. അന്തിമ ലേലത്തുക നല്ല കാര്യങ്ങൾക്കായി സംഭാവന ചെയ്യുന്നതിനാണ് ഹോട്ടൽ മാനേജ്മെൻ്റിൻ്റെ തീരുമാനം. ലേലത്തിൽ പങ്കെടുക്കാൻ എല്ലാ ആരാധകർക്കും അവസരമുണ്ടെന്നും ഹോട്ടൽ ഉടമകൾ അറിയിച്ചിട്ടുണ്ട്. മീഡിയ കമ്പനിയായ പിഒപി ടിവിയുമായി സഹകരിച്ചാണ് ലേലം നടത്തുക.
മിതമായ നിരക്കിലാണ് ലേലം തുടങ്ങുന്നതെങ്കിലും റൊണാൾഡോയോടുള്ള ആവേശം ലേലത്തുക ഉയർത്തുമെന്നാണ് പ്രതീക്ഷ. സൌഹൃദ മത്സരത്തിനെത്തിയപ്പോൾ റൊണാൾഡോയെ കാണാൻ കഴിയാതെ പോയ സ്ലോവേനിയൻ ആരാധകർക്ക് മെത്ത സ്വന്തമാക്കാൻ സുവർണാവരമാണിതെന്നും ഹോട്ടൽ മാനേജ്മെൻ്റ് പറഞ്ഞു.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ പോർച്ചുഗീസ് ടീമിൻ്റെ ഭാഗമായാണ് സൌഹൃദ മത്സരത്തിന് എത്തിച്ചേർന്നത്. എന്നാൽ സ്ലോവേനിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് പോർച്ചുഗീസ് തോൽവി ഏറ്റുവാങ്ങി. ക്രിസ്റ്റ്യാനോ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരം എന്ന നിലയിലും മാച്ച് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം പോർച്ചുഗീസ് സൂപ്പർ സ്റ്റാറുമായി ബന്ധപ്പെട്ട സ്മരണികകൾ ആരാധകരെ ആകർഷിക്കുന്നത് ഇതാദ്യമായല്ല. നേരത്തേ ആസ്റ്റൺ വില്ല – റെഡ് ഡെവിൾസ് അവസാന മത്സരത്തിൽ റൊണാൾഡോ ധരിച്ച ഷർട്ടിന് 48,000 ഡോളറാണ് ലേലത്തുക ലഭിച്ചത്.