ലോക ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുതുക്കിയ എടിപി റാങ്കിങ്ങ് പ്രഖ്യാപിച്ചതോടെയാണ് താരം ഔദ്യോഗികമായി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടനേട്ടത്തിന് പിന്നാലെയാണ് ഇപ്പോൾ ബൊപ്പണ്ണയെ തേടി ഒന്നാം റാങ്കുമെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ ഡബിൾസ് ക്വാർട്ടറിൽ ഓസ്ട്രേലിയൻ താരം മാത്യു എബ്ദെനൊപ്പം അർജൻ്റീനയുടെ മാക്‌സിമോ ഗോൺസാലസ് – ആന്ദ്രേസ് മോൾട്ടെനി സഖ്യത്തെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് 43-കാരനായ ബൊപ്പണ്ണ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിൻ്റെ പേരിലായിരുന്നു. 2022 ഒക്ടോബറിൽ തൻ്റെ 38-ാം വയസിലാണ് രാജീവ് തൻ്റെ കരിയറിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. ഈ റെക്കോഡാണ് ഇപ്പോൾ ബൊപ്പണ്ണ മറികടന്നിരിക്കുന്നത്.
കിരീട നേട്ടത്തോടെ ഓപ്പൺ കാലഘട്ടത്തിൽ (1968-ന് ശേഷം) ഗ്രാൻസ്ലാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന റെക്കോഡും ബൊപ്പണ്ണ സ്വന്തമാക്കി. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ്‌സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം നേട്ടവുമായിരുന്നു ഇത്. 2017-ൽ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടമായിരുന്നു ആദ്യത്തേത്.