ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങി രാഹുൽ ദ്രാവിഡ്. ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്‌മൺ ഇന്ത്യൻ ടീമിൻ്റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കാണ് ദ്രാവിഡ് മടങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ദ്രാവിഡ് സ്‌ഥാനമൊഴിയാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദ്രാവിഡ് ബിസിസിഐ പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നപ്പോൾ പരിശീലക സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്. സമയമാകുമ്പോൾ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ട്വൻ്റി20 പരമ്പരയിൽ ടീം ഇന്ത്യയുടെ പരിശീലകൻ ലക്ഷ്‌മണാണ്. യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിന് പിന്നാലെ 2021-ലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ദ്രാവിഡിന് കീഴിൽ ഇന്ത്യ ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനൽ വരെയെത്തിയിരുന്നു. പക്ഷേ രണ്ടു തവണയും തോറ്റതോടെയാണ് താരം പരിശീലക സ്ഥാനം ഒഴിയാൻ തയ്യാറാകുന്നത്. എന്നാൽ ഈ വർഷം ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടുകയും ചെയ്തിരുന്നു.