ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാംപ്യൻഷിപ്പിൽ ഉസ്ബക്കിസ്ഥാന്റെ ഗ്രാൻഡ് മാസ്റ്റർ നദിബെക് യാകുബേവും വനിതാ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ വൈശാലി രമേഷ്ബാബുവും കിരീടം ചൂടി. പുരുഷ ചാംപ്യൻഷിപ്പിൽ 7 പോയിന്റ് നദിബെക് സ്വന്തമാക്കിയപ്പോൾ വനിതാ വിഭാഗത്തിൽ 5 പോയിന്റാണ് വൈശാലി നേടിയത്. 1,20,000 ഡോളർ ആണ് ജേതാക്കൾക്ക് സമ്മാനമായി ലഭിച്ചത്. ലോകചാംപ്യൻ കാൾസനെ ലോക ചെസ് ചാംപ്യൻഷിപ്പിൽ നേരിട്ട് ശ്രദ്ധ നേടിയ പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി.
പുരുഷ വിഭാഗത്തിൽ മലയാളിയായ എസ്.എൽ നാരായണൻ 6.5 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ്. ഇന്റർനാഷണൽ ബി ടൂർണമെന്റിൽ ഇന്ത്യയുടെ മജുംദർ ശ്രയാൻ 7.5 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 9 ദിവസം നീണ്ട മത്സരത്തിൽ ലോക ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ എട്ടാം റൗണ്ടിന് മുൻപ് തന്നെ മത്സരത്തിൽ നിന്ന് പിൻമാറിയിരുന്നു. 45 രാജ്യങ്ങളിൽ നിന്നായി 250 പുരുഷ – വനിതാ താരങ്ങളാണ് ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്തത്.