2021-ൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് ബാലൺദ്യോർ പുരസ്കാരം നൽകിയതിൽ അഴിമതിയെന്ന് ഫ്രഞ്ച് മാധ്യമമായ ലെ മോൻഡെ. മെസിക്ക് ബാലൺദ്യോർ ലഭിക്കാൻ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി ചില വഴിവിട്ട നീക്കങ്ങൾ നടത്തിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പി.എസ്.ജി മുൻ കമ്യൂണിക്കേഷൻ ഡയറക്‌ടർ ജീൻ മാർഷ്യൽ റൈബ്സിനെതിരെ പ്രാഥമികാന്വേഷണമാരംഭിച്ചു.
മെസി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. ഫ്രാൻസ് ഫുട്ബോൾ മാസിക മുൻ ചീഫ് എഡിറ്ററും ബാലൺദ്യോർ സംഘാടകനുമായ പാസ്‌കൽ ഫെറെയെ പി.എസ്.ജി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. മെസിക്ക് ബാലൺദ്യോർ ലഭിക്കാൻ ഫെറെയിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കുന്നതിനായി ഇദ്ദേഹത്തെ പി.എസ്.ജി സ്വാധീനിച്ചെന്നാണ് മാധ്യമം വ്യക്തമാക്കുന്നത്.
പി.എസ്.ജി മുൻ കമ്യൂണിക്കേഷൻ ഡയറക്‌ടർ ജീൻ മാർഷ്യൽ റൈബ്‌സും പി.എസ്.ജി ഉടമയായ നാസർ അൽ ഖലീഫയും പാസ്‌കൽ ഫെറെയ്ക്ക് സമ്മാനങ്ങൾ നൽകിയെന്നും ചില ട്രിപ്പുകൾ ഓഫർ ചെയ്തെന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഭത്തിൽ റൈബ്സിനെതിരെ പ്രാഥമികാന്വേഷണമാരംഭിച്ചിട്ടുണ്ട്. മെസിയുടെ ഏഴാം ബാലൺദ്യോറായിരുന്നു 2021-ൽ ലഭിച്ചത്. നിലവിൽ എട്ട് ബാലൺദ്യോറാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.