ആരാധകർ എപ്പോഴും പിൻതുടർന്നുകൊണ്ടിരിക്കുന്ന താരമാണ് ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണി. താരത്തിന്റെ പരിശീലനത്തിന്റെ നിരവധി വീഡിയോകളും പുറത്തുവരുന്നുണ്ട്. അതിനിടെ താരത്തിന്റെ ബാറ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.
സാധാരണയായി ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ബ്രാന്റിന്റെ പേരല്ലായിരുന്നു ധോണിയുടെ ബാറ്റിൽ പതിച്ചിരുന്നത്. പകരം അധികം പ്രശസ്തമല്ലാത്ത പ്രൈം സ്പോർട്സ് എന്ന പേരാണ് ബാറ്റിൽ. ഇതോടെ ഒരുസംഘം ആരാധകർ കമ്പനി അന്വേഷിച്ച് ഇറങ്ങുകയും
ഒടുവിൽ അവർ സംഭവം കണ്ടെത്തുകയും ചെയ്തു. താരത്തിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ റാഞ്ചിയിലെ പരംജിത് സിങ്ങിൻ്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് കടയുടെ പേരാണ് പ്രൈം സ്പോർട്സ്.
ധോണി തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച കാലത്ത് താരത്തിന് വേണ്ട സഹായങ്ങൾ നൽകിയിരുന്നത് പരംജിത് സിങ്ങാണെന്നാണ് കണ്ടെത്തൽ. സുഹൃത്തിനോടുള്ള കടപ്പാടിന്റെ ഭാഗമായി കടയെ ഒരു ബ്രാൻഡാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് താരം കടയുടെ പേര് ബാറ്റിൽ പതിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഉയരുന്നത്. കൂടാതെ, പ്രൈം സ്പോർട്സിൻ്റെ ബാറ്റുകളിൽ ധോണി ഒപ്പിടുന്ന വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുമുണ്ട്. എന്തായാലും വന്ന വഴി മറക്കാതിരിക്കുന്ന ധോണിയുടെ പ്രവർത്തിയെ കയ്യടിയോടെയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.