വീണ്ടും പുരസ്കാര നേട്ടത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ടൈം മാസികയുടെ 2023-ലെ ‘അത്ലറ്റ് ഓഫ് ദി ഇയർ’ ആയാണ് മെസ്സിയെ തിരഞ്ഞെടുത്തത്. ഇൻ്റർ മിയാമിയിലേയ്ക്ക് ചേക്കേറിയതിന് ശേഷം അമേരിക്കൻ സോക്കറിൽ സൃഷ്ടിച്ച ചലനങ്ങളാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മെസ്സിയുടെ കരിയറിലെ എട്ടാം ബാലൺദ്യോർ പുരസ്കാരമായിരുന്നു. നേരത്തേ ലോറസ് അവാർഡും ഫിഫ ദ ബെസ്റ്റ് അവാർഡും താരത്തെ തേടിയെത്തിയിരുന്നു.
2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസ്സി. 1986-ൽ മാറഡോണയ്ക്ക് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമാണ് മെസ്സി. 2022-23 സീസണിൽ ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പിഎസ്ജി വിട്ട് എംഎൽഎസ് ക്ലബ് ഇൻ്റർ മിയാമിയിൽ ചേർന്ന മെസ്സി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.