പിഎസ്ജി ജഴ്സിയിൽ അവസാന മത്സരത്തിനിറങ്ങിയ ലയണൽ മെസിക്ക് കൂവൽ. ലീഗ് വണ്ണിൽ ക്ലെർമണ്ട് ഫൂട്ടിനെതിരായ മത്സരത്തിൽ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മെസിക്ക് ഗോളൊന്നും നേടാനാകാതെ മടങ്ങേണ്ടിവന്നു. എംബാപ്പെ, അവസാന മത്സരം കളിച്ച സെർജിയോ റാമോസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഇത്തവണ ഗോളുകൾ നേടിയത്.
ക്ലെർമണ്ടിനെതിരായ മത്സരത്തിന് മുമ്പ് മെസിയുടെ പേര് വിളിക്കുന്ന സമയത്ത് തന്നെ കാണികളിൽ ചിലർ കൂവൽ തുടങ്ങി. പിന്നീട് മത്സരം പുരോഗമിക്കവെ എംബാപ്പെ നൽകിയ സുവർണാവസരം പാഴാക്കിയപ്പോഴും പിഎസ്ജി ആരാധകർ കൂവികൊണ്ടിരുന്നു.
2021ൽ രണ്ടുവർഷത്തെ കരാറിലാണ് ബാഴ്സലോണയിൽ നിന്ന് മെസി പിഎസ്ജിയിൽ എത്തിയത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാമെന്ന ഉപാധി ഉണ്ടായിരുന്നെങ്കിലും ക്ലബിൽ തുടരുന്നില്ലെന്ന് മെസി തീരുമാനിക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന കിരീടം നേടിയതോടെ പിഎസ്ജി ആരാധകരിൽ ഒരു വിഭാഗം മെസിക്കെതിരെ തിരിഞ്ഞിരുന്നു. താരം ക്ലബ് വിടാനുള്ള പ്രധാന കാരണവും അതുതന്നെയാണെന്നാണ് നിഗമനം.
പാരിസ് നഗരത്തോടും ക്ലബിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് മെസി പറഞ്ഞു. പാരിസ് ക്ലബിനായി 47 മത്സരത്തിൽ ബൂട്ടുകെട്ടിയ മെസി 32 ഗോളും 34 അസിസ്റ്റും നേടിയിട്ടുണ്ട്. ആദ്യ സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കിലും ഇക്കുറി 20 ഗോളും 21 അസിസ്റ്റും സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞു. പിഎസ്ജി കാലത്താണ് മെസി തന്റെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് വിജയം സാക്ഷാത്കരിച്ചത്.