ഫിഫ ബെസ്റ്റ് പുരുഷ ഫുട്ബോളർ പുരസ്കാരത്തിനുള്ള 12 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ലയണൽ മെസി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ട്രെബിൾ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിൽ നിന്നാണ് പുരുഷ അവാർഡിനുള്ള 6 പേർ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മാർ എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
വനിതാ താരത്തെ കണ്ടെത്താനുളള ലിസ്റ്റിൽ 16 പേരുണ്ട്. സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് വനിതകളുടെ ചുരുക്കപ്പട്ടികയിലെ പ്രമുഖതാരം. ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെയും രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെയും 4 വീതം താരങ്ങളാണ് പട്ടികയിലുള്ളത്. ദേശീയ ടീം പരിശീലകർ, ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർക്കായുള്ള വോട്ടിങ് ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ പകുതിയോടെ വോട്ടിങ് അവസാനിക്കും.