ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ ’ഗോൾഡൻ ബോൾ’ മറക്കാൻ ഫുട്ബോൾ ആരാധകർക്ക് ഒരിക്കലും സാധിക്കില്ല. ലോകത്തെ മുഴുവൻ അതിശയിപ്പിച്ച മാന്ത്രിക പ്രകടനത്തിനാണ് അദ്ദേഹത്തിന് ‘ഗോൾഡൻ ബോൾ’ പുരസ്കാരമായി ലഭിച്ചത്. കഴിഞ്ഞ ദിവസം ഗോൾഡൻ ബോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ലേലം തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മറഡോണയുടെ മക്കൾ.
മറഡോണയ്ക്ക് കിട്ടിയ പുരസ്കാരം ജൂൺ 6ന് ലേലത്തിന് വെയ്ക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറഡോണയുടെ ഗോൾഡൻ ബോൾ ട്രോഫി മോഷണം പോയതാണെന്നും അത് ലേലം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് താരത്തിന്റെ മക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ട്രോഫി മോഷണം പോയതായി പരാതി നൽകുമെന്നും ലേലം തടയണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി അപേക്ഷ നൽകുമെന്നും ഇവരുടെ അഭിഭാഷകനായ ഗിലെസ് മോക്യു വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെ ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ട്രോഫി അവിടെ നിന്ന് മോഷണം പോയതാണെന്നാണ് താരത്തിൻ്റെ മക്കളുടെ വാദം. അതേസമയം, മറഡോണയ്ക്ക് ലഭിച്ച ട്രോഫി വർഷങ്ങളോളം എവിടെയാണ് എന്നതിനെക്കുറിച്ച് വിവരമില്ലായിരുന്നു. പിന്നീട് 2006ലാണ് ഇത് പാരീസിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്ന് കണ്ടെടുത്തത്. ചൂതാട്ടത്തിൽ വൻതുക നഷ്‌ടപ്പെട്ട മറഡോണ ബാധ്യത വീട്ടുന്നതിനായി ട്രോഫി വിറ്റതാണെന്നാണ് ലേലനടത്തിപ്പുകാരായ അഗ്യൂട്ട്സ് പറഞ്ഞിരുന്നത്.
1986 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് മറഡോണയ്ക്ക് ഗോൾഡൻ ബോൾ ലഭിച്ചത്. ലോകകപ്പിൽ ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മാറഡോണ നേടിയ രണ്ട് ഗോളും ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ആദ്യ ഗോൾ ‘ദൈവത്തിൻ്റെ കൈ’ എന്നും രണ്ടാമത്തേത് ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നുമാണ് അറിയപ്പെടുന്നത്. ടൂർണമെന്റിൽ മാറഡോണ അഞ്ച് ഗോൾ നേടിയിരുന്നു. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചാണ് അർജന്റീന കിരീടം ചൂടിയത്.