സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണമെഡൽ. ബാഡ്മിൻ്റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാലുമാണ് സമ്മാനം. സുവർണ നേട്ടം സ്വന്തമാക്കിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ്.
സൗദി ദേശീയ ഗെയിംസിൽ താരമായ ഏക മലയാളിയാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാൻ അവസരം നൽകിയിരുന്നു.
ഒക്ടോബർ 28-ന് റിയാദിൽ തുടക്കമായ സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലായിരുന്നു ബാഡ്മിൻ്റൺ മത്സരങ്ങൾ ആരംഭിച്ചത്.
വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലുള്ള മത്സരത്തിൽ വിജയിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി. അൽ-നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് വിജയിയായി.
റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്. രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ സൗദി, വിദേശതാരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.