ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും ഒറ്റ ദിവസം കൊണ്ടാണ് ചർച്ചയായത്.
പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറുടെ മകനെ 30 ലക്ഷം രൂപയ്‌ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് മുംബൈ ഇന്ത്യൻസിന്‍റെ ലിസ്റ്റിലേക്ക് വിഘ്നേഷിനെ എത്തിച്ചത്. ഇതോടെ മുംബൈ ഇന്ത്യൻസിലേക്ക് ട്രയൽസിനായും വിഘ്നേഷിനെ ക്ഷണിച്ചു.
ഐപിഎല്ലിലെ മുൻകാല പ്രമുഖർ പലരും ലേലത്തിന് പുറത്തായപ്പോഴാണ് വിഘ്നേഷിന് അപ്രതീക്ഷിത ഭാഗ്യം എത്തുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിൻ്റെയും വീട്ടമ്മയായ ബിന്ദുവിൻ്റേയും ഏക മകനാണ് 23കാരനായ വിഘ്നേഷ്.
പെരിന്തൽമണ്ണയിലെ പിടിഎം സർക്കാർ കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥി കൂടിയായ വിഘ്നേഷ് നല്ലൊരു ബൌളറും ബാറ്ററുമാണ്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ 182താരങ്ങളാണ് ഉണ്ടായിരുന്നത്.
#cricket #ipl #malappuram #vighneshputhoor #iplbid