ബിസിസിഐ ലോക ക്രിക്കറ്റിന്റെ അധിപനായ കഥ

Date:

Share post:

ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമേറിയതുമായ ക്രിക്കറ്റ് ബോർഡ് ഏതാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകു. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ അഥവാ ബിസിസിഐ. ഒന്നുമില്ലാതിരുന്ന ഒരവസ്ഥയിൽ നിന്ന് ഇന്ന് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുന്ന ഒരു സംഘടന. ​ഗവൺമെന്റിന്റെ കീഴിൽ അല്ലാതിരുന്നിട്ടുപോലും സർവ്വ പ്രതാപത്തോടെ വിലസുന്ന ബിസിസിഐ എങ്ങനെയാണ് ഇത്രയും സമ്പന്നമായത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് വില്പനയിലൂടെ എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ അത് മാത്രമല്ല, ബിസിസിഐ ഇത്രയും ജനകീയവും സമ്പന്നവുമായതിന് പിന്നിൽ ഒന്നല്ല പല കാരണങ്ങളുമുണ്ട്.

ബിസിസിഐയുടെ ആരംഭം

ഏകദേശം 1790 കാലഘട്ടത്തിലാണ് ഇന്ത്യയിൽ ക്രക്കറ്റ് എന്ന കളി ആരംഭിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലമായിരുന്നതിനാൽ അക്കാലത്ത് പ്രധാനമായും വിദേശികളായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. ഇത് കണ്ട് ഇന്ത്യക്കാർക്കും ക്രിക്കറ്റിനോട് താത്പര്യം ജനിച്ചു. അങ്ങനെ ചെറിയ തോതിൽ ജനങ്ങളെല്ലാം ക്രിക്കറ്റ് കളിയും ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ക്രിക്കറ്റിനെ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുക എന്ന ആശയവുമായി 1792-ൽ കൽക്കട്ട ക്രിക്കറ്റ് ക്ലബ് എന്ന ഒരു സംഘടന രൂപം കൊണ്ടു. വർഷങ്ങൾ കഴിഞ്ഞുപോയപ്പോൾ സംഘടനയുടെ ചെറിയ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യയിൽ ക്രിക്കറ്റിന് വലിയ രീതിയിലുള്ള പ്രചാരവും ലഭിച്ചുതുടങ്ങി.

അങ്ങനെ 1928-ൽ ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) എന്നൊരു സംഘടനയായി കൽക്കട്ട ക്രിക്കറ്റ് ക്ലബ് മാറി. ഒരു പ്രൈവറ്റ് ചാരിറ്റബിൾ സംഘടന എന്ന നിലയിൽ തമിഴ്നാട്ടിലാണ് ബിസിസിഐ ആദ്യം രൂപം കൊണ്ടത്. അവരുടെ ലക്ഷ്യമാകട്ടെ ഇന്ത്യയിൽ ക്രിക്കറ്റ് കളിയെ കൂടുതൽ ജനകീയമാക്കുക എന്നതും. സംഘടന വഴി ലഭിക്കുന്ന പണം ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സഹായിക്കുക എന്നത് മാത്രമായിരുന്നു സംഘടന ഉദ്ദേശിച്ചിരുന്നത്.

1983 എന്ന വർഷം ഇന്ത്യൻ ക്രിക്കറ്റിന് മറക്കാൻ സാധിക്കില്ല. കാരണം, കപിലിന്റെ ചെകുത്താന്മാർ ആദ്യമായി ഇന്ത്യയിലേയ്ക്ക് ലോകകപ്പ് കൊണ്ടുവന്നത് ആ വർഷമാണ്. അന്നേവരെയില്ലാത്ത ക്രിക്കറ്റിലെ ആനന്ദം ഇന്ത്യ അനുഭവിച്ചത് അന്നായിരുന്നു. ഇതോടെ ക്രിക്കറ്റിനോട് ജനങ്ങൾക്ക് ഒരു ഭ്രാന്തമായ ആവേശം ഉടലെടുക്കാനും തുടങ്ങി. ലോക ക്രിക്കറ്റിന്റെ നെറുകയിലേയ്ക്ക് ഇന്ത്യ കയറിയപ്പോഴും ബിസിസിഐയുടെ ഒരു സ്വപ്നം ബാക്കിയായിരുന്നു. ഇന്ത്യയിലുള്ളവരെ മുഴുവൻ ക്രിക്കറ്റ് കളി കാണിക്കുക എന്നത്. സ്റ്റേഡിയത്തിൽ വന്ന് എല്ലാവർക്കും കളി കാണാൻ സാധിക്കാത്തതുകൊണ്ടുതന്നെ ഇതിനൊരു പ്രതിവിധി എന്ന നിലയിൽ ടിവിയിലൂടെ ക്രിക്കറ്റ് മാച്ച് സംപ്രേഷണം ചെയ്യുന്നതിനേക്കുറിച്ച് ബിസിസിഐ ചിന്തിച്ചുതുടങ്ങി.

അക്കാലത്ത് ഒരുപാട് ടിവി ചാനലുകളൊന്നും ഇന്ത്യയിൽ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആകെയുണ്ടായിരുന്നത് ​​ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ദുരദർശൻ മാത്രമായിരുന്നു. എന്നാൽ ക്രിക്കറ്റ് വലിയ ലാഭമുണ്ടാക്കാൻ സാധിക്കുന്ന മേഖലയാണെന്ന് അന്ന് ആരും തിരിച്ചറിയാതിരുന്നതിനാൽ ക്രിക്കറ്റ് ടെലികാസ്റ്റ് ചെയ്യണമെങ്കിൽ ബിസിസിഐ പണം നൽകണമെന്ന ഡിമാന്റ് ദൂരദർശൻ മുന്നോട്ടുവെച്ചു. ഓരോ ടെലികാസ്റ്റിനും 5 ലക്ഷം രൂപയാണ് ചാനൽ ആവശ്യപ്പെട്ടത്. ക്രിക്കറ്റിന്റെ വളർച്ച മാത്രം ലക്ഷ്യം വെച്ചിരുന്ന ബിസിസിഐ പണം നൽകാൻ തയ്യാറുമായി.

ബിസിസിഐയുടെ തലവര മാറ്റിയ വർഷം

1991 ബിസിസിഐയുടെ തലവര മാറ്റി എഴുതിയ വർഷമാണെന്ന് വേണമെങ്കിൽ പറയാം. കാരണം, നീണ്ട നാളുകൾക്ക് ശേഷം സൗത്ത് ആഫ്രിക്ക ഇന്ത്യയിലേയ്ക്ക് ക്രിക്കറ്റ് കളിക്കാനായി എത്തിയത് 1991ലാണ്. അന്ന് സൗത്ത് ആഫ്രിക്ക ലോകം അറിയപ്പെടുന്ന ടീമായിരുന്നു. എന്നാൽ വർണ്ണ വിവേചനം നിലനിന്നിരുന്നതിനാൽ വിലക്ക് ലഭിച്ചതിനേത്തുടർന്ന് 20 വർഷത്തിന് ശേഷമാണ് ആ വർഷം സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ സൗത്ത് ആഫ്രിക്കയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പായിരുന്നു അത്.

മാച്ചിന് മുന്നോടിയായി ഇന്ത്യ ദൂരദർശനിലൂടെ ക്രിക്കറ്റ് മാച്ച് ടെലികാസ്റ്റ് ചെയ്യുന്നതറിഞ്ഞ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ മാനേജിങ് ഡയറക്ടറായിരുന്ന അലി ബച്ചർ ബിസിസിഐയെ സമീപിച്ച് എത്ര രൂപയാണ് ടെലികാസ്റ്റിനായി നിങ്ങൾ വാങ്ങുന്നതെന്ന് ചോദിച്ചു. എന്നാൽ അങ്ങോട്ട് പണം നൽകി ക്രിക്കറ്റ് ടെലികാസ്റ്റ് ചെയ്യുന്ന ബിസിസിഐക്ക് അത് പുതിയ അറിവായിരുന്നു.‌

എന്നാൽ ബുദ്ധിപരമായി പെരുമാറാൻ തീരുമാനിച്ച ബിസിസിഐ അന്ന് കുറച്ച് തുക കൂട്ടി 30,000 യുഎസ് ഡോളർ നൽകിയാൽ മാച്ച് പ്രക്ഷേപണം ചെയ്യാം എന്ന് മറുപടിയും നൽകി. അത് കേട്ട് അലി ബച്ചർ ഇത്രയും ചെറിയ തുകയ്ക്കാണോ ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്നത് എന്ന് ചോദിച്ച് ഓരോ മത്സരത്തിനും 40,000 യുഎസ് ഡോളർ വെച്ച് തങ്ങൾ നൽകാമെന്നും മാച്ച് ടെലികാസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ഇതോടെ കളം മാറ്റി ചവിട്ടാൻ തന്നെ ബിസിസിഐ തീരുമാനിച്ചു. തുടർന്ന് 1993-ൽ ഇം​ഗ്ലണ്ടുമായുള്ള മത്സരത്തിൽ പ്രക്ഷേപണാവകാശത്തിന് ബിസിസിഐ ട്രാൻസ് വേൾഡ് ഇന്റർനാഷണലിനോട് വാങ്ങിയത് 6 ലക്ഷം യുഎസ് ഡോളറായിരുന്നു.

അതോടെ ഘട്ടംഘട്ടമായി ബിസിസിഐയുടെ സമ്പത്ത് വർധിക്കാൻ തുടങ്ങി. പരസ്യമാണ് മറ്റൊരു സമ്പാദനത്തിനുള്ള മാർ​ഗമെന്ന് തിരിച്ചറിഞ്ഞ സംഘടന ക്രിക്കറ്റ് മാച്ചിലെ ഒരോ ഓവറിനിടയിലും പരസ്യങ്ങൾ ടെലികാസ്റ്റ് ചെയ്തും പണം വാരിത്തുടങ്ങി. അങ്ങനെ വർഷങ്ങൾ പിന്നിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായി ബിസിസിഐ മാറി.

 

പരസ്യങ്ങൾ ബിസിനസായി വളർന്നപ്പോൾ

ആദ്യമൊക്കെ ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം നേരിട്ട് കമ്പനികൾക്ക് നൽകിയിരുന്ന ബിസിസിഐ പിന്നീട് ലേലത്തിലൂടെ ഈ അവകാശം നൽകാൻ ആരംഭിച്ചു. അതോടെ വരുമാനം ഇരട്ടിയാകാനും തുടങ്ങി. പിന്നീട് കാലം കഴിഞ്ഞപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സജീവമായതോടെ ചാനലുകളുടെ സംപ്രേഷണാവകാശവും ഡിജിറ്റൽ സംപ്രേഷണാവകാശവും വിൽക്കുക വഴി കോടികളാണ് ബിസിസിഐ ഒരോ സീസണിലും വാങ്ങുന്നത്. ഇതാണ് സംഘടനയുടെ പ്രാധാന വരുമാന മാർ​ഗങ്ങളിൽ ഒന്ന് എന്ന് വേണമെങ്കിൽ പറയാം.

ബിസിസിഐക്ക് പണം വരുന്ന മറ്റൊരു വഴിയാണ് ടൈറ്റിൽ സ്പോൺസേർസ്. അതായത്, ക്രിക്കറ്റ് മാച്ചിന്റെ പേരിനോടൊപ്പം ഒരു സീസൺ കഴിയുന്നത് വരെ സ്പോൺസറുടെ പേരും ചേർത്ത് പരസ്യം നൽകുന്ന രീതി. കമ്പനികൾ കൂടുതൽ അറിയപ്പെടുന്നതിനും ജനകീയമാകുന്നതിനുമാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നത്. അതോടൊപ്പം ഒരു മാച്ചിൽ ഇന്ത്യൻ ടീമിന്റെ സ്പോൺസറാകുന്നതിലൂടെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോ​ഗിക്കുന്ന സ്പോർട്സ് കിറ്റുകൾ സ്പോൺസർ ചെയ്യുന്നതിലൂടെയുമെല്ലാം വലിയ തുകയാണ് ബിസിസിഐ വിവിധ കമ്പനികളിൽ നിന്നും ഈടാക്കുന്നത്.

രണ്ട് ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ രണ്ട് ബോർഡുകളുടെ നേതൃത്വത്തിലാകും താരങ്ങൾ കളത്തിലിറങ്ങുക. ഈ സമയത്ത് ടിക്കറ്റ് വില്പനയിലൂടെയും മറ്റും ലഭിക്കുന്ന തുക ഈ രണ്ട് ബോർഡുകളും തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബിസിസിഐയെ സംബന്ധിച്ച് ഈ തുകകൾ ഒരുപോലെയല്ല വീതിക്കപ്പെടുന്നത്. കാരണം, ലോകത്തിലെ ഏറ്റവും സ്വാധീനവും ആരാധകരുമുള്ള സംഘടനയായതിനാൽ കൂടുതൽ ലാഭ വിഹിതം ബിസിസിഐക്കാണ് എപ്പോഴും ലഭിക്കുക. സംഘടനയിലേയ്ക്ക് ഏറ്റവും കൂടുതൽ പണം ഒഴുകപ്പെടുന്നത് ഐപിഎൽ വഴിയാണ്. ഒരു ഉത്സവം പോലെ ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്ന ഐപിഎൽ വഴി കോടികളാണ് ബിസിസിഐക്ക് ലഭിക്കുന്നത്.

2022-ലെ കണക്ക് പ്രകാരം 2.25 ബില്യൺ ആണ് ബിസിസിഐയുടെ മൊത്തം മൂല്യം. ലോകത്തിലെ മറ്റ് ക്രിക്കറ്റ് ബോർഡുകളെ നിസാരമായി മറികടക്കാനുള്ള ആസ്തി ബിസിസിഐക്ക് ഇന്നുണ്ട്. ഇന്ത്യയിൽ ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കിയത് ബിസിസിഐയുടെ പ്രവർത്തനങ്ങൾ തന്നെയാണെന്ന് നിസംശയം പറയാം.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....