ഒടുവിൽ ആ പ്രഖ്യാപനമെത്തി. പിഎസ്ജി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെ. നിലവിലെ സീസണിൻ്റെ അവസാനം പിഎസ്ജി വിടുമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് എംബാപെ വ്യക്തമാക്കിയത്. അടുത്ത സീസണിൽ താരം സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിൽ ചേരുമെന്നാണ് വിലയിരുത്തൽ.
“കൃത്യസമയത്ത് നിങ്ങളോടു കാര്യങ്ങൾ പറയുമെന്നു ഞാൻ ഉറപ്പ് നൽകിയിരുന്നു. പിഎസ്ജി ക്ലബ്ബിൽ എൻ്റെ അവസാന വർഷമാണിത്. ഞാൻ കരാർ നീട്ടാൻ താൽപര്യപ്പെടുന്നില്ല. കുറച്ച് ആഴ്ചകൾക്കുള്ളിൽ ക്ലബ്ബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കും” എന്നാണ് എംബാപെ പറഞ്ഞത്. സ്പാനിഷ് ക്ലബ്ബുമായി എംബാപെ നേരത്തേ തന്നെ ധാരണയിലെത്തിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
പിഎസ്ജിയുമായി എംബാപെയ്ക്ക് ഈ ജൂൺ വരെയാണ് കരാറുള്ളത്. കഴിഞ്ഞ സീസണിൽ താരം പിഎസ്ജി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്ലബ്ബ് വിടാനുള്ള നീക്കങ്ങളെ തുടർന്ന് എംബപെയും ടീം മാനേജ്മെൻ്റും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് താരത്തിന് വീണ്ടും കരാർ നൽകി ക്ലബ്ബിൽ തന്നെ പിടിച്ചുനിർത്തുകയായിരുന്നു.