രാജ്യാന്തര ക്രിക്കറ്റിലെ അഞ്ഞൂറാമത്തെ മത്സരം ആഘോഷമാക്കി വിറാട് കോഹ്ലിയുടെ സെഞ്ചുറി . പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക് ഓവലിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ്ലി തകർപ്പൻ സെഞ്ചുറി നേടിയത്. 180 പന്തിൽ 10 ഫോറുകൾ സഹിതം കോഹ്ലി നൂറ് കടക്കുകയായിരുന്നു. കോഹ്ലിയുടെ 29ആം ടെസ്റ്റ് സെഞ്ച്വറിയാണിത്.
അഞ്ഞൂറാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യതാരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 2018ൽ പെർത്തിൽ ഓസീസിനെതിരേ നേടിയ സെഞ്ച്വറിക്ക് ശേഷം കോഹ്ലി വിദേശത്ത് നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. അന്താരാഷ്ട്ര കരിയറിലെ 76ആം സെഞ്ച്വറികൂടിയാണ് കോഹ്ലിയുടേത്.
121 റൺസെടുത്ത കോഹ്ലി റണ്ണൌട്ട് ആയെങ്കിലും ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിലെത്തി. ഒന്നാം ദിനം കളി പൂർത്തിയാകുമ്പോൾ കോഹ്ലിക്കൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ (61)അർദ്ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത്തും (80) ജയ്‌സ്വാളും (57) ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ശുഭ്മാൻ ഗിൽ (10), അജിൻക്യ രഹാനെ (എട്ട്) എന്നിവർ വേഗം പുറത്തായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.