ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമ റയൽ മാഡ്രിഡ് വിടുന്നു. ക്ലബ്ബുമായുള്ള നീണ്ട 14 വർഷത്തെ കരിയറാണ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ബെൻസിമ പടിയിറങ്ങുന്നതോടെ അവസാനിക്കുന്നത്. താരം ക്ലബ് വിടുന്ന വിവരം റയൽ മാഡ്രിഡ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാറിൽ ഒരു വർഷം ബാക്കി നിൽക്കെയാണ് ക്ലബ് വിടാൻ ബെൻസെമ തീരുമാനിച്ചിരിക്കുന്നത്. അടുത്ത സീസണിൽ സൗദി അറേബ്യയിലേക്ക് താരം ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നാസറിലേക്ക് മാറിയിരുന്നു. അതേസമയം ബെൻസെമയെ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇരുപത്തിയൊന്നാം വയസിലാണ് ബെൻസെമ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണ്യാബുവിൽ എത്തുന്നത്. അതേ വർഷം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിലെത്തി. എന്നാൽ മാഡ്രിഡിന്റെ മുൻപന്തിയിൽ റൊണാൾഡോ ഉണ്ടായിരുന്നതിനാൽ ആദ്യ കാലങ്ങളിൽ ബെൻസെമയ്ക്ക് അധികം പ്രാധാന്യം ഉണ്ടായിരുന്നില്ല. ആദ്യ സീസണിൽ വലിയ പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് കളിക്കളത്തിൽ മാഡ്രിഡിന്റെ നിർണായക താരമായി ബെൻസെമ മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും ഗാരെത് ബെയ്‌ലും അടങ്ങുന്ന ബിബിസി എന്നറിയപ്പെടുന്ന മുന്നേറ്റ നിര അന്ന് യൂറോപ്പിലെ ടീമുകളുടെ പേടിസ്വപ്നം കൂടി ആയിരുന്നു. 2014 മുതൽ തുടർച്ചയായ മൂന്നു വർഷം ചാമ്പ്യൻസ് ലീഗ് കിരീടം സാന്റിയാഗോ ബെർണ്യാബുവിന്റെ മണ്ണിലെത്തിക്കാൻ ഈ ടീമിന് സാധിച്ചു എന്നത് ബെൻസെമയുടെ കരിയറിലെ വലിയ നേട്ടമാണ്.
അതേസമയം 2018 ൽ റൊണാൾഡോ മാഡ്രിഡ് വിട്ടതോടെയാണ് ബെൻസൈമയുടെ കരിയറിന്റെ സുവർണ കാലം ആരംഭിക്കുന്നത്. അന്ന് മുതൽ കഴിഞ്ഞ സീസൺ വരെയും സ്പാനിഷ് ലീഗിന്റെ ടീം ഓഫ് ദി സീസണിൽ താരം ഇടം നേടി. കരിയറിലെ ഏറ്റവും മികച്ച വർഷമായി 2022 ബെൻസിമ ആഘോഷിച്ചത് ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള ലീഗിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതിനുള്ള പിച്ചീച്ചി അവാർഡും ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡോറും നേടിക്കൊണ്ടാണ്.
മാഡ്രിഡിന് വേണ്ടിയുള്ള പതിനാല് സീസണുകളിൽ നിന്നായി 25 കിരീടങ്ങളാണ് താരം നേടിയത്. അഞ്ച് ചാമ്പ്യൻസ് ലീഗുകളും നാല് യൂറോപ്യൻ സൂപ്പർ കപ്പുകളും നാല് സ്പാനിഷ് ലീഗ് കിരീടങ്ങളും ബെൻസെമ സ്വന്തമാക്കി. കൂടാതെ മൂന്ന് കോപ്പ ഡെൽ റേയും നാല് സ്പാനിഷ് സൂപ്പർ കപ്പും അദ്ദേഹം മാഡ്രിഡിന് നേടിക്കൊടുത്തു. മാഡ്രിഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (647) താരം 353 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ന് രാത്രി ലീഗിലെ അവസാന മത്സരം കളിക്കുന്നതിനായി അത്‌ലറ്റികോ ബിൽബാവോക്ക് എതിരെ റയൽ മാഡ്രിഡ് കളത്തിൽ ഇറങ്ങുന്നുണ്ട്. റയൽ മാഡ്രിഡിന് വേണ്ടിയുള്ള ബെൻസെമയുടെ അവസാന മത്സരവും ഇതായിരിക്കും.