നിലവിൽ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം ഇഷാൻ കിഷനാണ്. കഴിഞ്ഞ ദിവസം ബിസിസിഐ നൽകിയ നിർദേശം ഇഷാൻ അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമാകാൻ തുടങ്ങിയത്. ഐപിഎല്ലിന് മുമ്പ് രഞ്ജി ട്രോഫി മത്സരം നിർബന്ധമായും കളിക്കണമെന്ന ബിസിസിഐയുടെ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ് താരം. ഇതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പാണ് ആരാധകർ താരത്തിന് നൽകുന്നത്.
കുറച്ച് നാളായി ചില മാനസിക വിഷമങ്ങൾ മുൻനിർത്തി ഇഷാൻ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ ടീമിലേയ്ക്ക് തിരിച്ചെത്താൻ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്ന് ബിസിസിഐ താരത്തെ അറിയിച്ചു. എന്നാൽ താരം ഇത് ഗൗനിക്കാതെ വന്നതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ അന്ത്യശാസനമിറക്കി. എന്നാൽ ബിസിസിഐയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇഷാൻ.
ഇന്നലെ ആരംഭിച്ച രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ജാർഖണ്ഡിനായി താരം കളത്തിലിറങ്ങിയില്ല. അതേസമയം, അടുത്തയാഴ്ച മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ഇഷാൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ബിസിസിഐയെ ചൊടിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും ബാക്കിയുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണാം.