ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ തായ്ലൻഡിനോടാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. മത്സരത്തിൽ തായ്ലൻഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയമുറപ്പിച്ചത്. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മത്സരത്തിൽ വിജയിക്കാനായില്ല.
53-ാം മിനിറ്റിൽ പാരിചത് തോങ്റോങ്ങാണ് തായ്ലൻഡിനായി വിജയഗോൾ നേടിയത്. പിന്നാലെ ഇന്ത്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ചൈനീസ് തായ്പേയിയോട് തോറ്റിരുന്നു. ആകെ മൂന്ന് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഇതോടെ രണ്ട് മത്സരങ്ങളിലും തോൽവി സമ്മതിച്ച ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങും.