ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗ്യാങ്ഷുവിൽ നടക്കുന്ന ഗെയിംസിൽ ടി20 ഫോർമാറ്റിലുള്ള മത്സരങ്ങൾക്കായുള്ള പുരുഷ-വനിത ടീമുകളെയാണ് പ്രഖ്യാപിച്ചത്. പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹർമൻ പ്രീത് കൗറും നയിക്കും. അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളികളുടെ അഭിമാനമായ മിന്നു മണിയും വനിത ടീമിൽ ഇടം നേടി. ഏഷ്യൻ ഗെയിംസിൽ വനിതാ താരങ്ങളുടെ മത്സരം സെപ്റ്റംബർ 19 മുതൽ 28 വരെയും പുരുഷ താരങ്ങളുടെ മത്സരം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ എട്ട് വരെയുമാണ് നടക്കുക.
ഏഷ്യൻ ഗെയിംസിലെ പുരുഷ ടീമിൽ ഗെയ്വാദിന് പുറമേ യശസ്വി ജയ്സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ആർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബൈ, പ്രബ്സിമാൻ സിങ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. യാഷ് താക്കൂർ, സായി കിഷോർ, വെങ്കടേഷ് അയ്യർ ദീപ ഹൂഡ, സായി സുദർശൻ എന്നീ താരങ്ങളാണ് അണിനിരക്കുന്നത്.
വനിത ടീമിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും മിന്നു മണിക്കുമൊപ്പം സ്മൃതി മന്ഥാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജ്യോത് കൗർ, ദേവിക വൈദ്യ, അഞ്ജലി ശർവാണി, ടിറ്റാസ് സദു, രാജേശ്വരി ഗെയ്ക്വാദ്, മിന്നു മണി, കണിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡി എന്നിവരാണ് കളത്തിലിറങ്ങുക. ഹർലീൻ ഡിയോൾ, ക്വീ ഗൗതം, സ്നേഹ് റാണ, ശൈക ഇസഹാഖ്, പൂജ വസ്ത്രകാർ എന്നിവർ സ്റ്റാൻഡ്ബൈ താരങ്ങളാകും.