ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനായി ആര് എത്തുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോൾ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗംഭീറിനെ കൂടാതെ മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി രാമനേയും ബി.സി.സി.ഐ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരേയും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു.
മുഖ്യ പരിശീലകനായി ഗംഭീർ എത്തുമ്പോൾ ബാറ്റിങ് കോച്ചിൻ്റെ റോളായിരിക്കും ഡബ്ല്യു.വി രാമനെന്നാണ് സൂചന. പരിശീലകനെന്ന നിലയിൽ രാമന് വലിയ പരിചയസമ്പത്തുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിലും ഐപിഎല്ലിലും വിവിധ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം ഐപിഎല്ലിൽ ലഖ്നൗ, കൊൽക്കത്ത ടീമുകളുടെ മെന്റ്റർ എന്ന നിലയിലുള്ള പരിചയമാണ് ഗംഭീറിനുള്ളത്. അതിനാൽ രണ്ട് പേരേയും പരിശീലക സംഘത്തിൽ ഉൾപ്പെടുത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിയും. ഈ സ്ഥാനത്തേയ്ക്കാണ് പുതിയ കോച്ചിനെ കണ്ടെത്തുന്നത്. മൂന്നര വർഷത്തേക്കാണ് പുതിയ കോച്ചിനെ നിയമിക്കുക.