വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിലെ തോൽവിക്ക് ശേഷം വിജയം നേടാനുറച്ച് രണ്ടാം മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രാത്രി 8 മണി മുതലാണ് മത്സരം ആരംഭിക്കുക. 5 മത്സര പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് പിന്നിലാണ്. ആദ്യ ട്വന്റി20യിൽ ബോളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ് നിര പിന്നോട്ടുപോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ പരാജയത്തിന് പകരംവീട്ടാനുറച്ചാണ് ടീം ഇന്ന് കളത്തിലിറങ്ങുക. ഒന്നാം ട്വന്റി20യിലൂടെ രാജ്യാന്തര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യുവതാരം തിലക് വർമയുടെ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ അതോടൊപ്പം ട്വന്റി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിന്റെ പ്രകടനം ടീമിനെ ആശങ്കയിലാക്കുന്നുമുണ്ട്.
ആദ്യ മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റൻ റോവ്മാൻ പവൽ, നിക്കോളാസ് പുരാൻ, കൽ മെയേഴ്സ്, ഷിമോൺ ഹെറ്റ് മെയർ തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. ആദ്യ മത്സരത്തിൽ 149 റൺസിൽ ഒതുങ്ങിയിട്ടും കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയോട് 4 റൺസ് ജയം പിടിച്ചെടുക്കാൻ സഹായിച്ചത് ബോളർമാരുടെ മികവുതന്നെയായിരുന്നു.