വയസ് 42ൽ എത്തി. എന്നിട്ടും അയാൾ ക്രീസിലിറങ്ങുന്നത് കാണാൻ ഗാലറികൾ ആർത്തിരമ്പുകയാണ്.കരിയറിലെ അവസാന ടൂർണമെൻ്റിലും അയാൾ കാഴ്ചവെക്കുന്നത് മഹേന്ദ്രജാലം. പ്രായമൊക്കെ വെറും നമ്പറല്ലേ.. എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ്റെ പെർഫോമൻസ്.
ഓരോ മത്സരത്തിലും ചുരുക്കം പന്തുകൾ മാത്രമാണ് നേരിടാൻ കിട്ടുന്നതെങ്കിലും ക്രീസിൽ പഴയതിനേക്കാൾ പ്രതാപത്തോടെ നിറഞ്ഞാടുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി
മുംബൈ ഇന്ത്യൻസിനെരേ നാല് പന്തിൽ 20, ലക്നൌ സൂപ്പർ ജയൻറ്സിനെതിരേ 9 പന്തിൽ 29, ഡക്കാൻ ചാർജേഴ്സിനെതിരേ 16 പന്തിൽ 37 അങ്ങനെ ഈ സീസണിൽ ഇതുവരെ പുറത്താകാതെ 34 പന്തിൽ നിന്നും നേടിയത് 87 റൺസ് . സ്ട്രൈക് റേറ്റ് 250നും മേലെ.
ടൂർണമെൻ്റിലെ ആദ്യമത്സരം മുതൽ ധോണി തൻ്റെ പ്രതാപകാലം ആരാധകരെ ഓർമ്മിപ്പിക്കുകയാണ്. ഹെലികോപ്ടർ ഷോട്ടുകൾ തൊടുക്കാനുളള ശേഷി ഇനിയും കൈവിട്ടിട്ടില്ലെന്ന ആരാധകർ കണ്ടുകഴിഞ്ഞു. അവാസാന നിമിഷങ്ങളിലെ ധോണിയുടെ വെടിക്കെട്ട് ചെന്നൈ സൂപ്പർ കിംഗിൻ്റെ വിജയങ്ങളിലും നിർണായകമായിട്ടുണ്ട്.
ഇനിയൊരു അങ്കത്തിനില്ലെന്ന സൂചനനൽകി ചെന്നൈ സൂപ്പർകിംഗ്സിൻ്റെ നായക സ്ഥാനം ഈ സീസണിൽ ധോണി ഒഴിഞ്ഞിരുന്നു. ക്രിക്കറ്റിൻ്റെ മറ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ധോണി ഈ ടൂർണമെൻ്റോടെ കളം വിടുമെന്നാണ് സൂചനകൾ. എങ്കിലും ക്രീസിലേക്ക് എത്തുന്ന ധോണിയേയും ധോണിയുടെ മാസ്മരിക ഷോട്ടുകളേയും ഇഷ്ടപ്പെടുന്നവർ ഗാലറികൾക്ക് ആവേശം വിതറിയാണ് സ്വീകരിക്കുന്നത്