വയനാട്ടിലെ കൊയ്ത്തുപാടത്തുനിന്ന് ക്രിക്കറ്റിനൊരു ‘മിന്നുമണി’

Date:

Share post:

‘അവൾ പെൺകുട്ടിയല്ലേ.. ക്രിക്കറ്റ് കളിച്ചിട്ടിനി എന്താകാനാ’.. ബാറ്റ് കയ്യിലെടുത്ത അന്ന് മുതൽ അവൾ കേൾക്കുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങളും എതിർപ്പുകളും. എന്നാൽ തന്നെ കുറ്റപ്പെടുത്തുന്നവരോട് മറുപടി പറഞ്ഞ് കളയാനുള്ളതല്ല തൻ്റെ വിലയേറിയ സമയം എന്ന് തിരിച്ചറിഞ്ഞ അവൾ ബാറ്റിനോടും ബോളിനോടും കൂടുതൽ അടുത്ത് പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. ക്രിക്കറ്റ് ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ള കായിക വിനോദമല്ലെന്ന് തെളിയിക്കണമായിരുന്നു ആ പെൺകുട്ടിക്ക്. അങ്ങനെ കഠിനാധ്വാനത്തിനൊടുവിൽ അവൾ ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായിരിക്കുന്നു. അതെ, വയനാടുകാരി മിന്നു മണി തന്നെ.

മാനന്തവാടി ചോയിമൂല‌ എന്ന ഗ്രാമത്തിലെ കുറിച്യസമുദായത്തിൽപ്പെട്ട മണിയുടെയും വസന്തയുടെയും മകളാണ് മിന്നു. അച്ഛനും അനുജത്തിയും സഹോദരി മിമിതയുമടങ്ങുന്ന കൊച്ചുകുടുംബം. കൂലിപ്പണി ചെയ്ത് അന്നന്നത്തെ ചെലവുകൾ മുന്നോട്ടുനയിക്കുന്ന കുടുംബം. ഓടിട്ട കൊച്ചുകൂരയിലിരുന്ന് അവൾ തൻ്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടി. ഒടുവിൽ കഠിനാധ്വാനത്തിലൂടെ ഒരു നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ന് ഈ താരം.

മിന്നുവിന് ക്രിക്കറ്റ് എന്നും ആവേശം

ചെറുപ്പം മുതൽ ക്രിക്കറ്റിനോട് വല്ലാത്ത അവേശമായിരുന്നു മിന്നുവിന്. കൊയ്ത്തുകഴിഞ്ഞ പാടത്ത് ആൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് അവൾ കൊതിയോടെ അങ്ങനെ നോക്കിനിൽക്കും. ഒരിക്കൽ സ്കൂൾ വിട്ട് വന്ന അവൾക്ക് കൂട്ടുകാരായ ആൺകുട്ടികൾ തങ്ങളോടൊപ്പം കളിക്കാൻ അവസരം നൽകി. തെങ്ങിൻ മടല് വെട്ടിയുണ്ടാക്കിയ ബാറ്റിൻ്റെ പിടിയിൽ കയ്യമർത്തി ആ പത്ത് വയസുകാരി തനിക്ക് നേരെ പാഞ്ഞുവന്ന ബോളിനെ വീശിയടിച്ചു. അതുകണ്ട് ചുറ്റുമുണ്ടായിരുന്നവർ ആവേശത്തോടെ കരഘോഷം മുഴക്കി. അതായിരുന്നു അവളുടെ ആദ്യത്തെ ക്രിക്കറ്റിലെ സന്തോഷം. മിന്നുവിൻ്റെ പ്രകടനം കണ്ട ആൺകുട്ടികൾ പിന്നീട് അവളെയും തങ്ങളോടൊപ്പം കൂട്ടി. തങ്ങൾക്കൊപ്പം ഒരു പെൺതരിയായി. പിന്നീടങ്ങോട്ട് സ്കൂൾ വിട്ടുവരുന്ന മിന്നു നേരെ പോകുന്നത് പാടത്തേയ്ക്കായിരുന്നു.

മിന്നുവിൻ്റെ ജീവിതം മാറിയ ദിവസം

തുടക്കത്തിൽ മിന്നുവിന് ക്രിക്കറ്റ് ഒരു വിനോദം മാത്രമായിരുന്നു. എന്നാൽ മിന്നുവിൻ്റെ മനസിൽ ക്രിക്കറ്റ് ആഴത്തിൽ വേരൂന്നിയത് മാനന്തവാടി ​ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു. തൻ്റെ പ്രിയപ്പെട്ട വിനോദമെന്ന നിലയിൽ ഒരിക്കൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മിന്നുവിൻ്റെ ബൗളിങ് അവിചാരിതമായാണ് കായികാധ്യാപികയായ എൽസമ്മ ടീച്ചർ കണ്ടത്. മിന്നുവിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ടീച്ചർ ക്രിക്കറ്റ് കളിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചതും ഒട്ടും വൈകാതെ ഉണ്ട് എന്ന് മിന്നു മറുപടിയും നൽകി. ഉടൻ പരിശീലകനായ ഷാനവാസിനോട് ടീച്ചർ കാര്യങ്ങൾ അവതരിപ്പിച്ചു. മിന്നുവിൻ്റെ പ്രകടനം കണ്ടപ്പോഴാണ് മിന്നു ഇടംകൈ ബാറ്ററാണെന്ന് അവർ തിരിച്ചറിയുന്നത്.

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഷാനവാസ് മിന്നുവിൻ്റെ കാര്യം അവതരിപ്പിച്ചു. അവരുടെ കൂട്ടായ ശ്രമത്തിൻ്റെ ഭാ​ഗമായി മിന്നുവിന് ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷനും കിട്ടി. തനിക്ക് ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ ലഭിച്ച കാര്യം തുടക്കത്തിൽ മിന്നും വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. അങ്ങനെ സ്പെഷ്യൽ ക്ലാസിൻ്റേയും ട്യൂഷൻ്റേയും പേര് പറഞ്ഞ് ക്രിക്കറ്റ് പ്രാക്ടീസ് ആരംഭിച്ച മിന്നുവിൻ്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു ഇന്ത്യൻ ടീമിൽ ഉൾപ്പെടുക എന്നുള്ളത്. ആ​ഗ്രഹം സഫലീകരിക്കാൻ അവൾ ശക്തമായി പോരാടുകയും ചെയ്തു.

മിന്നുവിന് വയനാട് ജില്ലാ ടീമിൽ സെലക്ഷൻ ലഭിപ്പോഴാണ് മാതാപിതാക്കൾ തങ്ങളുടെ മകളുടെ സ്വപ്നം മനസ്സിലാക്കുന്നത്. മകളെ അതിരറ്റ് സ്നേഹിക്കുന്ന അവർ അവളുടെ ഇഷ്ടത്തെ പൂർണ്ണമായും പിന്തുണച്ചു. ക്രിക്കറ്റ് എന്താണെന്ന് പോലും അറിയാതിരുന്ന അവർ മിന്നുവിലൂടെ ക്രിക്കറ്റിനേക്കുറിച്ച് കൂടുതൽ മനസിലാക്കി. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ആ രക്ഷിതാക്കൾ മകളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കോച്ചിങ്ങിനും മറ്റുമുള്ള പണം കടം വാങ്ങി മകളെ അവളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കാൻ അനുവദിച്ചു. മിന്നുവിൻ്റെ വീട്ടിലെ അവസ്ഥ അറിയാമായിരുന്ന നാട്ടുകാരും കയ്യഴിഞ്ഞ് ആ കുടുംബത്തെ സഹായിച്ചു. അങ്ങനെ നിരന്തരമായ പരിശ്രമത്തിലൂടെ കഴിഞ്ഞ ജൂലൈയിൽ തൻ്റെ എക്കാലത്തെയും സ്വപ്നമായ ഇന്ത്യൻ ടീമിൽ മിന്നു ഉൾപ്പെട്ടു.

ഇന്ത്യൻ വനിത എ  ടീമിൻ്റെ ക്യാപ്റ്റനിലേയ്ക്ക്

ഇന്നവൾ ഇം​ഗ്ലണ്ട് എ ടീമിനെതിരായ ട്വൻ്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ എ ടീമിന്റെ ക്യാപ്റ്റനാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് വയനാടുകാരിയായ മിന്നു മണി. ക്യാപ്റ്റനെന്ന നിലയിൽ ജയത്തോടെയാണ് മിന്നുമണിയുടെ തുടക്കം. 2023 ജൂലായ് ഒമ്പതിന് മിർപുരിൽ ബംഗ്ലാദേശ് വനിതാ ടീമിനെതിരെയായിരുന്നു മിന്നുവിൻ്റെ സീനിയർ ടീം അരങ്ങേറ്റം. ഇന്ത്യൻ ദേശീയ ടീമിനായി ടി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടവും താരത്തിനുണ്ട്. ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീം അംഗം കൂടിയാണ് മിന്നു.

 

ക്രിക്കറ്റ് കരിയറിൽ നേട്ടങ്ങൾക്ക് പുറമെ നേട്ടങ്ങൾ തേടിയെത്തുന്ന മിന്നുവിന് എം.എസ് ധോണിയേപ്പോലെ ഒരു കൂൾ ക്യാപ്റ്റനാകാനാണ് മോഹം. ധോണിയെ റോൾമോഡലാക്കിയാണ് താരം കളത്തിലിറങ്ങുന്നത്. സമ്മർദ്ദങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ കൂളായി തൻ്റെ ടീമിനുള്ളിൽ സൗഹൃദ വലയം തീർത്ത് അവർക്കൊപ്പം നിലയുറപ്പിക്കാനാണ് ക്യാപ്റ്റനെന്ന നിലയിൽ മിന്നു ശ്രമിക്കുന്നതും.

ഇടംകൈ ബാറ്റർ.. മികച്ച ഫീൽഡർ.. ഓഫ് സ്പിന്നർ.. അങ്ങനെ മിന്നുവിന് വിശേഷണങ്ങളേറെയാണ്. ഇല്ലായ്മകൾക്കും കഷ്ടപ്പാടുകൾക്കുമിടയിൽ തങ്ങളുടെ മകൾ സ്വന്തമാക്കിയ നേട്ടത്തിൽ അഭിമാനിക്കുകയാണ് മിന്നുവിൻ്റെ രക്ഷിതാക്കൾ. കുടുംബം മാത്രമല്ല മിന്നുവിൻ്റെ ഓരോ നേട്ടത്തിലും നാട്ടുകാരും അതിരറ്റ സന്തോഷത്തിലാണ്. ആത്മവിശ്വാസവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....