ദക്ഷിണാഫ്രിക്കൻ മണ്ണിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി ജസ്പ്രീത് ബുമ്രയ്ക്ക് സ്വന്തം. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിലെ വിക്കറ്റ് വേട്ടയോടെയായിരുന്നു ബുമ്രയുടെ ഈ നേട്ടം. ഇതോടെ ഈ റെക്കോർഡ് സ്വന്തമാക്കിയ ജവഗൽ ശ്രീനാഥിനൊപ്പമെത്തിയിരിക്കുകയാണ് താരം. ബുമ്രയും ജവഗൽ ശ്രീനാഥും മൂന്ന് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ബുമ്ര ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ളവരുടെ പട്ടികയിൽ എസ്. ശ്രീശാന്ത്, മുഹമ്മദ് ഷമി, വെങ്കടേഷ് പ്രസാദ് എന്നിവരാണുള്ളത്. കേപ്ടൗണിൽ നടന്ന മത്സരങ്ങളിൽ മാത്രം ബുമ്ര ഇതുവരെ 18 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സന്ദർശക ടീമുകളിൽ നിന്ന് കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരവും ബുമ്ര തന്നെയാണ്. ഇംഗ്ലണ്ടിന്റെ താരമായിരുന്ന കോളിൻ ബ്ലിത്താണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. താരത്തിന് 25 വിക്കറ്റുകളാണുള്ളത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ കൂടുതൽ പ്രാവശ്യം അഞ്ച് വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ താരവുമായി മാറി ഇതോടെ ബുമ്ര. ഒൻപത് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് ലിസ്റ്റിൽ ഒന്നാമത്. ആറ് തവണ അഞ്ച് വിക്കറ്റിലെത്തിയ ബുമ്രയ്ക്കൊപ്പം സഹീർ ഖാൻ, ചന്ദ്രശേഖർ എന്നീ മുൻ ഇന്ത്യൻ താരങ്ങളുമുണ്ട്.