സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടാനൊരുങ്ങുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സെര്‍ജിയോ ബുസ്കെറ്റ്സിന് ആശംസകൾ അറിയിച്ച് മെസ്സി. ബാഴ്സയില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്നു ലയണല്‍ മെസ്സി. പ്ലെയർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും വളരെ മികച്ചയാളാണ് ബുസ്കെറ്റ്സ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസ്സി പറഞ്ഞു.
കളിക്കളത്തിലും പുറത്തുമായി ഒരുപാട് നല്ല നിമിഷങ്ങള്‍ തന്നതിന് ബുസ്കറ്റ്സിന് നന്ദി. അതെല്ലാം എന്നെന്നും ഓര്‍മയില്‍ നിലനില്‍ക്കുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ബാഴ്സയില്‍ ഒന്നിച്ച് കളിച്ചിരുന്ന കാലത്ത് മെസ്സിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നയാളാണ് ബുസ്കെറ്റ്സ്. കൂടാതെ ബാഴ്സയ്ക്കൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ്, എട്ട് ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റേ കിരീട നേട്ടങ്ങളില്‍ ഇരുവരും ഒന്നിച്ച് ഭാഗമായിട്ടുമുണ്ട്.
ബാഴ്സയുമായി 18 വര്‍ഷക്കാലത്തോളം നീണ്ടുനിന്ന ബന്ധമാണ് ബുസ്കെറ്റ്സ് ഇപ്പോൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുവരെ 718 മത്സരങ്ങളാണ് 34 കാരനായ ബുസ്കെറ്റ്സ് ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. എട്ട് ലാലിഗ കിരീടങ്ങളും ഏഴ് വീതം കോപ്പ ഡെല്‍ റേയും സ്പാനിഷ് സൂപ്പര്‍ കപ്പും താരം നേടിയിട്ടുണ്ട്. മൂന്നുതവണ ചാമ്പ്യന്‍സ് ലീഗിളും ബുസ്കെറ്റ്സ് മുത്തമിട്ടു. മൂന്നുവീതം യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും നേടി.
2005 ലാണ് ബുസ്കെറ്റ്സ് ബാഴ്സ യൂത്ത് ടീമിലെത്തുന്നത്. 2008-ല്‍ അന്നത്തെ പരിശീലകനായിരുന്ന പെപ്പ് ഗാര്‍ഡിയോളയാണ് ബുസ്കെറ്റ്സിനെ സീനിയര്‍ ടീമിലെത്തിച്ചത്. അന്ന് റേസിങ് സാന്റന്ഡറിനെതിരേയായിരുന്നു അരങ്ങേറ്റം. 15 വര്‍ഷം നീണ്ട സീനിയര്‍ കരിയറില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ബുസ്കെറ്റ്സ് 18 ഗോളും 40 അസിസ്റ്റും നേടി. കൂടാതെ നടപ്പുസീസണില്‍ ബാഴ്സ ലാലിഗയില്‍ കിരീടവും ഉറപ്പാക്കിയിട്ടുണ്ട്. കപ്പുയര്ത്തിയാകും നായക സ്ഥാനത്തുനിന്നും ക്ലബ്ബില്‍നിന്നും ബുസ്കെറ്റ്സ് പടിയിറങ്ങുക എന്നാണ് പ്രതീക്ഷ.