സൂപ്പർതാരം കിലിയൻ എംബാപ്പെയുമായുള്ള പ്രശ്നങ്ങൾക്കിടയിൽ പുതിയ സ്ട്രൈക്കറെ പരിചയപ്പെടുത്തി പി.എസ്.ജി. ബെൻഫിക്കയിൽ നിന്ന് പോർച്ചുഗീസ് താരം 22കാരനായ ഗോൺസാലോ റാമോസിനെയാണ് പി.എസ്.ജി സ്വന്തമാക്കിയത്. 2022 ലോകകപ്പിൽ പോർച്ചുഗലിനായി ഹാട്രിക്ക് നേടിയ താരമായ റാമോസിനെ 80 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 726 കോടിരൂപ) പി.എസ്.ജി നേടിയത്.
കിലിയൻ എംബാപ്പെയുമായുള്ള പി.എസ്.ജിയുടെ കരാറുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും തുടരുകയാണ്. പരിശീലനത്തിനായി താരം ടീമിനോടൊപ്പം ഇതുവരെ ചേർന്നിട്ടില്ല. 24-കാരനായ എംബാപ്പെയ്ക്ക് പി.എസ്.ജിയുമായി കരാർ അവസാനിക്കാൻ ഒരുവർഷംകൂടിയുണ്ട്. എന്നാൽ അടുത്തവർഷം കരാർ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു.
ഇതോടെ താരത്തെ ഫ്രീട്രാൻസ്ഫറിൽ വിടുന്നത് ഒഴിവാക്കാൻ ക്ലബ്ബ് കരാർ പുതുക്കാനാവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അദ്ദേഹം എതിർത്തതോടെയാണ് ക്ലബ്ബും എംബാപ്പെയും തമ്മിൽ തർക്കമായത്. റയൽ മഡ്രിഡ്, അൽ ഹിലാൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ എംബാപ്പെക്കായി വൻതുക വാഗ്ദാനം ചെയ്തെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. പുതിയ സീസണിന് മുന്നോടിയായി പി.എസ്.ജി സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് റാമോസ്.