ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ടൂർണമെന്റിലെ കരുത്തരായ ഇന്ത്യയും ഏറ്റുമുട്ടും. നാളെ (സെപ്തംബർ 17) വൈകുന്നേരം മൂന്ന് മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഏക ടീമാണ് ഇന്ത്യ. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ബോളിങ് നിരയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ബുംറയേക്കൂടാതെ ഹാർദിക്, ജഡേജ തുടങ്ങിയവർ ടീമിന് മികച്ച പിന്തുണയുമായി ടൂർണമെന്റിലുടനീളം നിൽക്കുന്നുണ്ട്.
മറുവശത്ത് പാക്കിസ്ഥാനെ ആവേശപ്പോരിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഫൈനലിനെത്തുന്നത്. അഞ്ച് കളികളിൽ നിന്ന് 253 റൺസെടുത്ത കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ബാറ്റിങ് കരുത്ത്. ബോളിങ്ങിൽ 11 വിക്കറ്റെടുത്ത യുവതാരം മതീഷ പതിരാനയാണ് ഇതുവരെ തിളങ്ങിയിട്ടുള്ളത്.