ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി.
മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.
മാർച്ച് മൂന്നിന് നടന്ന ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. ബംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാകാൻ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് കഴിഞ്ഞ സീസണിലുൾപ്പെടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാൻ വിശദീകരണം നൽകിയത്.