ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെവന്നതോടെ അഫ്ഗാൻ സെമി ഫൈനൽ കാണാതെ പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ചുരുങ്ങിയത് 438 റൺസിന്റെ വിജയമെങ്കിലും നേടിയാൽ മാത്രമേ അഫ്ഗാന് സെമിയിലെത്താൻ സാധിക്കുമായിരുന്നുള്ളു. എന്നാൽ ടീമിന് അത് സാധിക്കാതെ വന്നതോടെയാണ് ലോകകപ്പിൽ നിന്നും പിൻവാങ്ങേണ്ടി വന്നത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 244 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാന് ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അത്ര മോശമല്ലാത്ത തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 41 റൺസ് എടുത്തു. എന്നാൽ വിക്കറ്റ് നഷ്ടപ്പെടാതെ 41 എന്ന സ്കോറിൽ നിന്ന് അഫ്ഗാൻ 116-ന് ആറ് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണുപോയി. ഗുർബാസ് (25), സദ്രാൻ (15), ഹഷ്മത്തുള്ള ഷാഹിദി (2), റഹ്മത്ത് ഷാ (26), ഇക്രം അലിഖിൽ (12), മുഹമ്മദ് നബി (2) എന്നിവർ പെട്ടെന്ന് പുറത്താകുകയും ചെയ്തു.
എന്നാൽ റാഷിദ് ഖാനെ കൂട്ടുപിടിച്ച് അസ്മത്തുള്ള ടീം സ്കോർ 150 കടത്തി. റാഷിദ് 14 റൺസെടുത്ത് മടങ്ങിയെങ്കിലും നൂർ അഹമ്മദിനൊപ്പം അസ്മത്തുള്ള വീണ്ടും പോരാടി ടീം സ്കോർ 200 കടത്തി. 26 റൺസെടുത്ത് നൂർ അഹമ്മദ് മടങ്ങിയെങ്കിലും മറുവശത്ത് അസ്മത്തുള്ള സ്കോറിങ്ങിന്റെ വേഗത കൂട്ടിക്കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ അനായാസ പ്രകടനം കാഴ്ചവെച്ച അസ്മത്തുള്ളയ്ക്ക് സെഞ്ച്വറി നേടാൻ കഴിഞ്ഞില്ല. അവസാന ഓവറിൽ കഗിസോ റബാദയുടെ പന്തിൽ അസ്മത്തുള്ളയുടെ സ്കോർ 97-ൽ ഒതുങ്ങി. താരം 107 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെയാണ് 97 റൺസെടുത്തത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും തെംബ ബഡൂമയും നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസ് നേടി. എന്നാൽ 41 റൺസെടുത്ത ഡി കോക്കിനെയും 23 റൺസ് നേടിയ ബറൂമയെയും അഫ്ഗാനിസ്ഥാൻ താരങ്ങൾ ഔട്ടാക്കി. പിന്നാലെ വന്ന എയ്ഡൻ മാർക്രവും ഡ്യൂസനും ചേർന്ന് ടീം സ്കോർ 100 കടത്തി. എന്നാൽ 25 റൺസെടുത്ത മാർക്രത്തയും 10 റൺസെടുത്ത ക്ലാസനെയും റാഷിദ് ഖാൻ ഔട്ടാക്കി.
ക്ലാസന് പകരം വന്ന മില്ലറെ കൂട്ടുപിടിച്ച് ഡ്യൂസൻ ടീം സ്കോർ 182-ൽ എത്തിച്ചു. 24 റൺസെടുത്ത മില്ലറെ പുറത്താക്കി മുഹമ്മദ് നബി ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ആൻഡിൽ ഫെലുക്വായോയെ കൂട്ടുപിടിച്ച് ഡ്യൂസൻ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. ഡ്യൂസൻ 95 പന്തിൽ 76 റൺസെടുത്ത് പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ അക്കൗണ്ടിൽ പിറന്നത്. ഫെലുക്വായോ 37 പന്തിൽ 39 റൺസുമെടുത്തു.