യുഎഇയുടെ പുതിയ രാഷ്‌ട്രപതി അബുദാബി കിരീടാവകാശി ആയിരുന്ന കാലത്തെ സ്നേഹവും അനുകമ്പയും തുളുമ്പുന്ന കഥകൾ നിരവധിയുണ്ട്. അദ്ദേഹം കുട്ടികളോട് കാണിക്കുന്ന വാത്സല്യം പലതവണ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതിലൊരു കഥയാണ് മുകളിൽ കാണുന്ന ചിത്രത്തിന് പറയാനുള്ളത്.
2019ലാണ് സംഭവം നടക്കുന്നത്.
അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഹസ്തദാനം ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് ഹൃദയം തകർന്ന ഒരു ചെറിയ പെൺകുട്ടി. അവളുടെ സങ്കട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതറിഞ്ഞ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പെൺകുട്ടിയെ നേരിട്ട് കാണാനായി അവളുടെ വീട്ടിൽ സന്ദർശനം നടത്തി, ഹസ്തദാനവും ഒപ്പം നെറുകയിൽ വാത്സല്യ മുത്തവും നൽകുന്നു.
സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരന്റെ ഔദ്യോഗിക സ്വീകരണത്തിനിടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അഭിവാദ്യം ചെയ്യാൻ ഐഷ മുഹമ്മദ് മഷീത് അൽ മസ്റൂയി എന്ന കൊച്ചു പെൺകുട്ടി കൈ നീട്ടിയത്. ബാക്കി കുഞ്ഞുങ്ങൾക്കെല്ലാം കൈ കൊടുത്തു വന്ന കിരീടാവകാശി ഐഷയെ കണ്ടില്ല. ആ നിമിഷം കൃത്യമായി ക്യാമറയിൽ പതിയുകയും ചെയ്യുകയായിരുന്നു.
— عبدالله بن زايد (@ABZayed) December 2, 2019
ഐഷയുടെ സങ്കടം തീർക്കാൻ വീട്ടിലെത്തിയ ശൈഖ് മുഹമ്മദിന്റെ പ്രത്യേക സന്ദർശനത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിയാളുകളാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.