ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ സൗദി അറേബ്യൻ വനിത. ഈ രണ്ട് തലക്കെട്ടുകൾ കണ്ടവരുണ്ടോ?. സൗദി ചരിത്രം തിരുത്തുകയാണ്. ആരൊക്കെയാണ് ചരിത്രത്തിലേക്ക് നടന്നു കയറിയ വനിതകൾ. റൂമി അല്‍ഖഹ്താനിയും ദോനിയ അബു താലിബുമാണ് ഈ രണ്ട് വനിതാ രത്നങ്ങൾ.
വിശ്വ സുന്ദരിയാകാന്‍ റൂമി അല്‍ഖഹ്താനി
ചരിത്രത്തില്‍ ആദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത് എന്ന് ഓർമ്മവേണം. മാറ്റത്തിന്റെ കാലത്തിൽ മാറി ചിന്തിച്ച 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് വിശ്വ സുന്ദരിയാകാന്‍ മത്സരിക്കുക. ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നാണ് റൂമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു. റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്.
ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിട്ട് ദോനിയ അബു താലിബ്
2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ സൗദി അറേബ്യൻ വനിതയായി സൗദി തായ്‌ക്വോണ്ടോ ദേശീയ ടീം അംഗമായ ദോനിയ അബു താലിബ്. യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ദോനിയ വിജയം സ്വന്തമാക്കിയത്.
49 കിലോ ഗ്രാം ഭാര വിഭാഗത്തിലെ ദോനിയയുടെ ആഗോളതലത്തിലെ മറ്റൊരു മികച്ച മുന്നേറ്റമാണ് ഒളിംപിക്‌സ് യോഗ്യതയെന്നാണ് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. 2024 ജൂലൈ 26 മുതൽ 11വരെ പാരിസിലാണ് ഒളിംപിക്സിന്റെ 33-ാം പതിപ്പ് നടക്കുന്നത്. പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളാണ് ദോനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏഷ്യയിലും ആഗോളതലത്തിലും നിരവധി നേട്ടങ്ങളാണ് ദോനിയ കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഏഷ്യൻ വെങ്കല മെഡൽ ജേതാവ് കൂടിയാണ് ദോനിയ.
സൗദിയിലെ വനിതകള്‍ ഇപ്പോള്‍ കായികമേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നുണ്ട്. കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന വിപ്ലകരമായ നയങ്ങള്‍ ഭരണാധികാരികള്‍ സമീപകാലത്തായി സ്വീകരിച്ചുവരുന്നു. രാജ്യത്തെ തൊഴില്‍, വാണിജ്യ, വിദ്യാഭ്യാസ, ഭരണതലങ്ങളിലെല്ലാം ഈ മാറ്റം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.