അന്തർദേശീയ വനിതാ ദിനം മാർച്ച് എട്ടാണ്. എന്നാൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെ ലോകത്തേക്ക് ഓരോ സ്ത്രീയും ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനമാണ് വനിതാ ദിനം.
സരോജിനി നായിഡു എന്ന ‘ഭാരതകോകിലം’
സരോജിനി നായിഡു സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിത, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിത എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് സരോജിനി നായിഡു. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേരു നൽകി.
സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും. നിരവധി അനുഭവങ്ങളുടെ തിളങ്ങുന്ന ഓർമ്മകളുടെ ഒരു ദിനം കൂടിയാണിത്. ചോരയും കണ്ണീരും വീണതിൻറെ ഓർമ്മകൾ, അധ്വാനത്തിൻറേയും വിയർപ്പിൻറേയും ഓർമ്മകൾ ഓർമ്മപ്പെടുത്തലുകൾ എന്നിവ കൂടിയാണ് ഈ ദിനം.
പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും ഇന്നും നിർണായകമാണ്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ പ്രധാന സ്ത്രീകളെയും ഈ ദിനത്തിൽ നാം ഓർക്കണം. സ്ത്രീ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ്.
സ്ത്രീകൾ ഇന്ന് എത്തപ്പെടാത്ത മേഖലകൾ ഇന്നില്ല, നമ്മുടെ മുൻഗാമികൾ നേടിയെടുത്ത സ്ത്രീ സമത്വത്തിന്റെ ഗുണഫലം അനുഭവിച്ചുവ പോരുന്ന ഭാവി തലമുറ സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെ പിടിക്കണം. കുടുംബത്തിനും സമൂഹത്തിനും മുന്നിൽ തളരാതെ ജയിച്ച് മുന്നേറണം!!