ക്രിസ്തുമസ് എന്ന കേൾക്കുമ്പോൾ ജാതിമത ഭേദമെന്യേ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപമാണ് സാന്റ ക്ലോസ്. സെന്റ് നിക്കോളാസ്, ഫാദർ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലും സാന്റ അറിയപ്പെടുന്നു. വളർന്നുവരുന്ന കൊച്ചുകുട്ടികൾ ഈ സാന്റയെ കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സാന്റക്ലോസ് എവിടെയാണ് ഇപ്പോൾ. സമ്മാനം കൊണ്ടുവരുമോ എന്നു തുടങ്ങി നീണ്ടുപോകുന്ന സംശയ പരമ്പരയുണ്ട്. ചിലർ മണി മണി പോലെ ഉത്തരം പറയും. എന്നാൽ ചിലർ അവിടെയും ഇവിടെയും തൊട്ട് ഒരു ഉത്തരം പറഞ്ഞൊപ്പിക്കും. ഇനി അങ്ങനെ വേണ്ട. സാന്റയുടെ ചരിത്രം ഒന്നറിഞ്ഞാലോ?
ആരാണ് സാന്റ
എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. സെന്റ് നിക്കോളാസി (Saint Nikolas) നെ ഡെച്ചുകാർ സിന്റർ ക്ലോസ് എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ് എന്നും തുടർന്ന് സാന്താക്ളോസ് എന്നുമായി മാറിയെന്നാണ് ഐതീഹം. പത്തൊമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം വൈദികനായി. പിന്നീട് വർഷങ്ങൾക്ക് ശേഷം പത്താറയ്ക്കു സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു.
നിക്കോളാസ് തന്റെ ജീവിതകാലത്ത് ചുറ്റുമുള്ള പാവപ്പെട്ട ജനങ്ങളെ കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാൻ പണം നിറച്ച മൂന്ന് സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു എന്നുമൊരു കഥ നിലനിൽക്കുന്നുണ്ട്.
അമേരിക്കയിലെ ന്യൂ ആംസ്റ്റർഡമിൽ (ഇപ്പോഴത്തെ ന്യൂയോർക്കിൽ) കുടിയേറിയ പ്രോട്ടസ്റ്റാന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ നിക്കോളാസിനെ സാന്താക്ലോസായി രൂപപ്പെടുത്തിയത്. മതത്തിനതീതമായ ഒരു കഥാപാത്രമായി അവർ സാന്താക്ളോസ്സിനെ മാറ്റി. ക്രിസ്മസ് വിശുദ്ധനായി അവിടങ്ങളിൽ വി. നിക്കോളാസ് മാറി. ക്രിസ്മസ്ത്തലേന്ന് വിശുദ്ധ നിക്കോളസ് സമ്മാനങ്ങളുമായി എത്തുമെന്നു കുട്ടികൾ പ്രതീക്ഷിച്ചിരുന്നു.
പിന്നീട് യൂറോപ്പിലാകെ ഇതിഹാസപാത്രമായി മാറിയ സാന്താക്ലോസ് യൂറോപ്യന്മാരിലൂടെ പല രാജ്യങ്ങളിലേയ്ക്കും എത്തിച്ചേർന്നു. എവിടെയെല്ലാം ക്രിസ്മസ് ഉണ്ടോ അവിടെയെല്ലാം സാന്താക്ളോസ്സെന്ന ക്രിസ്മസ് ഫാദറും എത്തി.
സാന്റയുടെ റെയിൻഡിയർ
ക്രിസ്തുമസ് രാവിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാൻ സാന്താക്ലോസിനെ സഹായിക്കാൻ സാന്താക്ലോസിന്റെ റെയിൻഡിയറും വളരെ പ്രശസ്തമാണ്. റെയിൻഡിയറുകളുടെ എണ്ണവും അവയ്‌ക്ക് നൽകിയിരിക്കുന്ന പേരുകളും പല രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എട്ട് ഡിയറുകളുണ്ടെന്നും ഒരു ഡിയറേ ഉള്ളെന്നും വ്യത്യസ്ത കഥകളാണ് പല രാജ്യങ്ങളിലായി പ്രചരിക്കുന്നത്. സാന്താക്ലോസിന്റെ റെയിൻഡിയറുകൾക്ക് ഓരോ പേരും നൽകിയിട്ടുണ്ട്.
എന്തായാലും കുടവയറുള്ള മഞ്ഞുപോലെ തൂവെള്ള താടിയുള്ള കണ്ണാടിവെച്ച ചുവന്ന നിറത്തിലുള്ള തൊപ്പിയും ജാക്കറ്റുമിട്ട് ഒരു സമ്മാനപ്പൊതിയുമായി വരുന്ന സാന്റയാണ് ക്രിസ്തുമസ് ആഘോഷങ്ങളിലെ താരം. ഏവർക്കും ഏഷ്യാ ലൈവിന്റെ ക്രിസ്തുമസ് ആശംസകൾ.