സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ ആർത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആർത്തവം ഒരു വൈകല്യമല്ലെന്നും അതിനാൽ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നുമാണ് മന്ത്രി പറഞ്ഞത്. ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ആർജെഡി അംഗം മനോജ് കുമാർ ഝായുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.
‘ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമായി കണക്കാക്കുന്നില്ല, അത് സ്ത്രീകളുടെ ജീവിതത്തിൽ ജൈവികമായി നടക്കുന്ന ഒന്നാണ്. ആർത്തവമില്ലാത്ത ഒരാൾക്ക് അതിനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാടാണെന്ന് കരുതി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന വിഷയങ്ങൾ ഞങ്ങൾ മുന്നോട്ട് വയ്ക്കില്ല. ഒരു ചെറിയ വിഭാഗം സ്ത്രീകൾ ആർത്തവവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇതെല്ലാം മരുന്നിനാൽ മാറ്റാൻ കഴിയുന്നതാണ്. അതിനാൽ അവധിയുടെ ആവശ്യമില്ല’ എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആർത്തവ ശുചിത്വ നയത്തിന്റെ കരട് രൂപീകരിച്ചതായും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. 10 മുതൽ 19 വയസുവരെ പ്രായത്തിലുള്ള പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം ഇതിനോടകം തന്നെ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.