പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്മ കുറ്റസമ്മതമൊഴി മാറ്റി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിൻ്റെ സമ്മർദ്ദം മൂലമായിരുന്നു എന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാക്കുകൊടുത്തെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റെടുത്തതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് രഹസ്യമൊഴി നൽകിയത്.
രഹസ്യമൊഴി കോടതി പെൻ ക്യാമറയിൽ പകർത്തി. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായാണ് ഗ്രീഷ്മ ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. ഇതെല്ലാം നിഷേധിക്കുന്ന രീതിയിലാണ് പുതിയ മൊഴിയെന്നതാണ് ശ്രദ്ധേയം. ചോദ്യം ചെയ്യലി്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ഗ്രീഷ്മ അന്ന് പൊലീസിനോട് സമ്മതിച്ചത്. പുതിയ മൊഴി ഇതിൽ നിന്നും തീർത്തും ഘടകവിരുദ്ധമാണ്.