തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 13 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. പ്രതി സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപകന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടിമാറ്റിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അശമന്നൂർ ഓടക്കാലി സ്വദേശിയായ സവാദാണ്. മഴുവും കൊണ്ട് സവാദ് രക്ഷപ്പെടുകയായിരുന്നു. സവാദിനെ ഇന്നു വൈകീട്ടോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂർ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജൻസികൾ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.