നിയമം ലംഘിച്ച് വിവാഹം ചെയ്തെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷ. ഇരുവർക്കും 7 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹം കഴിച്ചുവെന്നാണ് കേസ്.
ഇമ്രാൻ ഖാനെതിരെ നാലാമത്തെ കോടതി ശിക്ഷവിധിയാണിത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ ഇന്നലെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. ഫെബ്രുവരി എട്ടിന് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.