മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടക്കുമെന്ന് സൂചന. വൈകിട്ട് ആറിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. നേരത്തെ ശനിയാഴ്ച സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം. ശുഭമുഹൂർത്തത്തിനായാണ് തീയതി മാറ്റിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന. മൂന്നാം എൻഡിഎ സർക്കാരിനുള്ള തിരക്കിട്ട ചർച്ചകൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുകയാണ്. അതേസമയം, വെള്ളിയാഴ്‌ച ഡൽഹിയിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാർട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാൻ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിൽ മോദിയെ പാർലമെൻ്ററി നേതാവായി തിരഞ്ഞെടുക്കും.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന.