മുൻനിശ്ചയിച്ച പ്രകാരമുള്ള സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ 22ന് മടങ്ങാൻ ആയിരുന്നു തീരുമാനം. 20ന് കേരളത്തിൽ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തിൽ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
ഇന്ന് സിംഗപ്പൂരിൽനിന്നു യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബായിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.