ചോദ്യംചോദിച്ച മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു ജോർജിന്റെ
മറുപടി. കൈരളി ടിവി റിപ്പോർട്ടർ ഷീജയോടാണ് മോശമായി പെരുമാറ്റമുണ്ടായത്.
പീഡനക്കേസിൽ അറസ്റ്റിലായതിന് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് പി സി ജോർജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് സംഭവം. ജോർജിന്റെ അപമര്യാദ പരാമർശത്തിനെതിരേ ചുറ്റുംനിന്ന മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് ജോർജ് നടത്തിയത്. ജോർജിനൊപ്പമുണ്ടായിരുന്നവർ ഷീജക്ക് നേരേ കയ്യേറ്റത്തിനും മുതിർന്നത് വലിയ പ്രതിഷേധത്തിനിടയാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിക്ക് അനുകൂലമായി സാക്ഷി മൊഴി പറയാത്തതിലുള്ള പ്രതികാരമാണ് പുതിയ പീഡന പരാതിക്കും അറസ്റ്റിനും പിന്നിലെന്ന് പി സി ജോർജ് പറഞ്ഞു. പരാതി കള്ളമാണെന്ന് സിബിഐ ഉദ്യോഗസ്ഥർക്ക് താൻ മൊഴി നൽകിയിരുന്നു. അതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്ക് തന്നോടുള്ളത്. പരാതിക്കാരി പിണറായി വിജയന്റെ പണം വാങ്ങിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്നും പി സി ജോർജ് ആരോപിച്ചു.