സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിയിൽ പി സി ജോർജ് അറസ്റ്റിൽ. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. IPC 354, 354A വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പി സി ജോർജിനെതിരെ കളളക്കേസാണ് എടുത്തതെന്ന് അഭിഭാഷകൻ പറയുന്നു. ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസ് നടപടി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായാണ് പി സി ജോർജ് പ്രതികരിച്ചത്. പരാതിക്കാരി തന്നോട് വൈരാഗ്യം തീർക്കുകയാണെന്നാണ് പി സി ജോർജിന്റെ പ്രതികരണം. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് സോളാർ കേസ് പ്രതിയുടെ പരാതി.
സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ കൂടി ചേർത്താണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. 2022 ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി എടുത്തത്.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി സി ജോർജിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തി ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ജോർജിനെ എ ആർ ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.