സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കും. മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാഹചര്യം കണക്കലെടുത്താണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും. ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും.
അതിനിടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രക്ഷോഭയാത്ര കണക്കിലെടുത്ത് സമ്മേളന തീയതികളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിപാടികള്‍ക്കായി സഭാസമ്മേളനത്തില്‍ മാറ്റം വരുത്താറുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിങ്ങളും നല്ല സഹകരണമാണല്ലോ. അമ്മാതിരി വര്‍ത്തമാനമൊന്നും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പ്രതിപക്ഷ നേതാവും മറുപടി നല്‍കി. കാര്യോപദേശക സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു