രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച ബിൽ ഉടൻ വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ റായ്പുരിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ചർച്ചകൾ നടന്നു വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും പ്രതികരിച്ചു. അതോടെ വിഷയം വിവാദമായി മാറി. ജെ.പി.നദ്ദയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരു കാര്യം അറിയില്ലെന്ന് ആരോഗ്യമന്ത്രാലയം മറുപടി നൽകി.
ജനസംഖ്യ നിയന്ത്രിക്കാൻ നിയമം വേണ്ടെന്നും മറ്റ് മാർഗങ്ങളിലൂടെ നിയന്ത്രണം സാധ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ക്യാംപെയ്നുകൾ nadaത്തിയും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും ജനസംഖ്യ
നിയന്ത്രണത്തിന് സാധിക്കുമെന്നതിനാൽ നിർബന്ധിത നിയമ നിയന്ത്രണം ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിലപാട്.
2022 ഏപ്രിലിൽ രണ്ട് കുട്ടി നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രാകേഷ് സിൻഹ പാർലമെന്റിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ ക്യാംപെയ്നുകളിലുടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ജനസംഖ്യ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യമില്ലെന്നുമാണ് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിനെ അറിയിച്ചത്. ഇതോടെ രാകേഷ് സിൻഹ ബിൽ പിൻവലിക്കുകയായിരുന്നു.