യെമനി പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ വധശിക്ഷ കാത്ത് സനയിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ (33). 2017 ജൂലൈയിലാണ് സംഭവം നടന്നത്. അന്ന് മുതൽ ഇന്നുവരെ ആറ് വർഷം മകളെ ഒരു നോക്ക് കാണാനാകാതെ നീറി നീറി കഴിയുകയാണ് നിമിഷയുടെ അമ്മ പ്രേമകുമാരി.
മകളെ ഒരു നോക്ക് കാണാനായുള്ള നിയമ പോരാട്ടത്തിലാണ് പ്രേമകുമാരി. കേന്ദ്രസർക്കാർ യെമനിലേക്കുള്ള പ്രേമകുമാരിയുടെ യാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ല, പിന്നീടാണ് ഇവർ ദില്ലി ഹൈക്കോടതിയിലെ സമീപിക്കുന്നത്. അങ്ങനെ ദില്ലി ഹൈക്കോടതി പ്രേമ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്ത സാഹചര്യത്തിൽ പ്രേമകുമാരി സ്വന്തം ഉത്തരവാദിത്വത്തിൽ വേണം പോകാൻ. നൊന്തുപെറ്റ അമ്മയല്ലേ! മകളെ കാണാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാണ്.
യെമനിലേക്ക് പോകാൻ അനുമതി കിട്ടിയതിൽ സന്തോഷമെന്ന് മാത്രമാണ് പ്രേമകുമാരിയ്ക്ക് പറയാനുള്ളത്. എങ്കിലും മകളുടെ ഇപ്പോഴത്തെ സ്ഥിതി ആലോചിക്കുമ്പോൾ ആ അമ്മയ്ക്ക് വിഷമം താങ്ങാനും കഴിയുന്നില്ല. പൊന്നുമോളെ ഒന്നു കാണാൻ പോകണമെന്ന് മാത്രമാണ് അമ്മയുടെ ഇപ്പോഴത്തെ പ്രാർത്ഥന. അതിനായി ഒരോ ദിവസവും തള്ളി നീക്കുകയാണ്. ഇനി വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം, അതിനായുള്ള കാത്തിരിപ്പിലാണ് പ്രേമകുമാരി .
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്നാണ് ഹൈക്കോടതി പോലും ചോദിച്ചത്. 2016 മുതൽ യെമെനിലേക്ക് യാത്രാവിലക്കുള്ളതിനാൽ നിമിഷയുടെ ബന്ധുക്കൾക്ക് അവിടേക്കുപോകാൻ സാധിച്ചിട്ടില്ല. ഒരമ്മയ്ക്ക് തന്റ മകളെ കാണാൻ സാധിക്കുമോ? നിമിഷ ജയിൽ മോചിതയാകുമോ? എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങൾക്കിടെയാണ് പ്രേമകുമാരിയുടെ നിയമ പോരാട്ടം.
ചെറുമകൾക്ക് അവളുടെ അമ്മയെ തിരികെയേൽപ്പിക്കുക എന്ന ആഗ്രഹവും പ്രേമകുമാരിയ്ക്കുണ്ട്. യെമനിൽ എത്തിപ്പെടാൻ സാധിച്ചാൽ നിമിഷയുടെ അമ്മ പ്രേമകുമാരി , മകൾ മിഷേൽ തുടങ്ങിയവരടങ്ങിയ സംഘം യെമൻ സന്ദർശിച്ച് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ കണ്ട് ചർച്ചകൾ നടത്തി നിമിഷക്ക് മാപ്പു നൽകണമെന്ന് അപേക്ഷിക്കും. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ മരിച്ചയാളുടെ കുടുംബവുമായി ചർച്ച നടത്തി ശരിയത്ത് നിയമ പ്രകാരം ബ്ലഡ് മണി സംബന്ധിച്ച ധാരണയിലെത്തിയാലേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. അമ്മയും മകളും ചെറുമകളും അടങ്ങുന്ന മൂന്ന് തലമുറയുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ സന്തോഷമാണ് ഇനിയുള്ള യെമൻയാത്ര!!!
എന്താണ് നിമിഷ പ്രിയയ്ക്ക് എതിരെയുള്ള കേസ്
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
പാസ്പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
നിമിഷ പ്രിയ തലാലിൻറെ ഭാര്യയാണെന്നതിന് യെമനിൽ രേഖകളുണ്ട്. എന്നാൽ ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു. നിമിഷപ്രിയയും യമൻ സ്വദേശിയായ സഹപ്രവർത്തക ഹനാനുമാണ് കേസിൽ അറസ്റ്റിലായത്.